കൈപ്പാട് കൃഷി സംരക്ഷണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠം പകര്‍ന്ന് ചാലത്തൂര്‍ ഹരിത സംഘം

തളിപ്പറമ്പ് : തരിശിട്ട കൈപ്പാടില്‍ ചാലത്തൂര്‍ ഹരിത സംഘം പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ആരംഭിച്ച നെല്‍കൃഷി വിളവെടുപ്പിനൊരുങ്ങി.

നിരവധി വര്‍ഷങ്ങളായി തരിശിട്ട 15 ഏക്കര്‍ കൈപ്പാട് കാടുവെട്ടിത്തെളിച്ച് നെല്‍കൃഷി ചെയ്ത് കൈപ്പാട് കൃഷി രീതി സംരക്ഷിക്കുകയും അതിലൂടെ പ്രദേശത്ത് ഉപ്പുവെളളം കയറുന്നതിനും കിണറിലെ ശുദ്ധജലത്തിന്റെ വിതാനം നിലനിര്‍ത്തുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതും സാധ്യമാക്കി പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠം പകരുകയാണ് ചാലത്തൂര്‍ ഹരിത സംഘം പ്രവര്‍ത്തകര്‍.

വര്‍ഷങ്ങളായി തരിശിട്ട് കാടുകയറിയ 15 ഏക്കര്‍ കൈപ്പാട് കാടുകറിയ സ്ഥലത്ത് മാലിന്യ നിക്ഷേപം പതിവായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ജൈവമാലിന്യങ്ങള്‍ തിന്നാന്‍ വരുന്ന നായകളുടെയും മറ്റ് ജീവികളുടെയും ആവാസകേന്ദ്രമായി മാറിയിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടിയതും പരിസ്ഥിതി പ്രശ്‌നമുയര്‍ത്തിയിരുന്നു. ഇതിനു പുറമെ ഉപ്പുവെളളം കയറി കിണറുകള്‍ മലിനമായതോടെ പ്രദേശത്ത് കഠിനമായ ശുദ്ധജല ക്ഷാമവും അനുഭവപ്പെട്ടിരുന്നു.

ഇതെല്ലാം ചേര്‍ന്ന് വലിയ പാരിസ്ഥിതിക പ്ശ്‌നം ഉയര്‍ത്താന്‍ തുടങ്ങിയതോടെയാണ് പ്രദേശത്തെ പതിനൊന്നു പേര്‍ ചേര്‍ന്ന് ഹരിത സംഘം രൂപീകരിച്ച് ഇതിനെതിരെ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇവിടെ കാടുവെട്ടിത്തെളിച്ച് ഇറക്കിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന ഭൂരിപക്ഷ അഭിപ്രായം നടപ്പിലാക്കുകയായിരുന്നു.

 പ്രശ്‌നങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരമായി എന്നതാണ് ഹരിത സംഘം പ്രവര്‍ത്തകരുടെ കൈപ്പാടു കൃഷിയുടെ വലിയ പ്രത്യേകത. തളിപ്പറമ്പ് നഗരസഭയും കൃഷിവകുപ്പും ഇവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി. ഏഴോത്തു നിന്നും ശേഖരിച്ച മുന്നൂറു കിലോ ലവണാംശത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പരമ്പരാഗത ഇനമായ കുതിര് വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്.

വളമോ കീടനാശിനിയോ ചേര്‍ക്കാത്ത കൃഷിരീതിയാണ് കൈപ്പാട് കൃഷിക്ക് ഉപയോഗിക്കുന്നത്. അതിനാല്‍ കൈപ്പാട് നെല്ലിന് ആവശ്യക്കാര്‍ ഏറുമെങ്കിലും ഇത്തവണ ലഭിക്കുന്ന നെല്ലില്‍ നിന്നും പരമാവധി വിത്ത് ശേഖരിക്കാനാണ് ഇവര്‍ ഉദ്യേശിക്കുന്നത്.

അടുത്ത തവണ പത്തേക്കര്‍ കൂടി കൃഷി വ്യാപിപ്പിക്കാനുളള ശ്രമങ്ങളും നടന്നു വരികയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉളളവരും റിട്ടയര്‍ ചെയ്തവരുമായി പതിനൊന്നു പേരാണ് ഹരിത സംഘത്തില്‍ ഉളളത്. സി പത്മനാഭന്‍ സെക്രട്ടറിയായും കാരോത്ത് ഭാസ്‌ക്കരന്‍ പ്രസിഡന്റായുമുളള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

You can like this post!

You may also like!