ടെറസിലെ മഴമറകൃഷി മറക്കാനാവാത്ത അനുഭവമാക്കി മാറ്റി ബാലചന്ദ്രനും ഇന്ദിരയും-

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: മൂന്ന് സെന്റ് ടെറസില്‍ വിളയുന്നത് ചെറുനാരകവും മുരിങ്ങയും പേരക്കയും പിന്നെ 130 ബാഗുകളില്‍ എല്ലാവിധ പച്ചക്കറികളും.

ഇത് തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തെ വി.വി.ബാലചന്ദ്രന്റെ മഴമറ കൃഷി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും സീനിയര്‍ അസിസ്റ്റന്റായി അഞ്ച് വര്‍ഷം മുമ്പ് വിരമിച്ച ഇദ്ദേഹം കഴിഞ്ഞ ജനുവരി മാസത്തിലാണ് വീടിന് മുകളിലെ ടെറസില്‍ മഴമറ നിര്‍മ്മിച്ച് പച്ചക്കറി കൃഷി ആരംഭിച്ചത്.

ഇപ്പോള്‍ 130 ബാഗുകളിലായി വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇദ്ദേഹം ഉല്‍പ്പാദിപ്പിക്കുന്നു.

വെള്ളരി, മത്തന്‍, കുമ്പളം, കക്കിരി, പച്ചമുളക്, ചീര, കോവയ്ക്ക, വെണ്ട, താലോരിക്ക, പാവയ്ക്ക, പയര്‍, പടവലം  എന്നിവ കൂടാതെ കാപ്‌സിക്കം, കാരറ്റ്, ബീറ്റ്‌റൂട്ട്, പൊതീന, മല്ലി, ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി തുടങ്ങി കേരളത്തില്‍ അധികം വളരാത്ത പച്ചക്കറികളും ഇദ്ദേഹത്തിന്റെ മഴമറകൃഷിത്തോട്ടത്തിലുണ്ട്.ജീവനി – സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം തളിപ്പറമ്പ് കൃഷിഭവൻ്റെ ധനസഹായത്തോടെയാണ് ബാലചന്ദ്രൻ മഴമറ ,തിരി നന സംവിധാനങ്ങൾ നിർമ്മിച്ചത്.

പൂര്‍ണമായും തിരിനന രീതിയിലാണ് പച്ചക്കറികള്‍ കൃഷി ചെയിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം നനച്ചുകൊടുത്താല്‍ മതി.

ചാണകം, എല്ലൂപൊടി, അട്ടിന്‍ കാഷ്ടം, കോഴിക്കാഷ്ടം, ചകിരിച്ചോറ്  എന്നിവ മാത്രമാണ് മണ്ണിനൊപ്പം ചേര്‍ത്ത് ഗ്രോബാഗുകളില്‍ നിറയ്ക്കുന്നത്.

കീടനാശിനിയായി കഞ്ഞിവെള്ളവും അല്‍പം സര്‍ഫ് പൊടിയും കലര്‍ത്തി പുളിപ്പിച്ച ലായനി മാത്രമാണ് ഉപയോഗിക്കുന്നത്.

മൂന്ന് സെന്റിലെ ഈ കൃഷിയില്‍ നിന്നും സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പച്ചക്കറികള്‍ മുഴുവന്‍ അയല്‍ക്കാര്‍ക്ക് നല്‍കുകയാണ് ബാലചന്ദ്രന്‍ ചെയ്യുന്നത്.

തളിപ്പറമ്പ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ കെ.സപ്‌നയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ കൃഷിയില്‍ ഏറെ പ്രയോജനം ചെയ്‌തെന്ന് ഇദ്ദേഹം പറയുന്നു.

കാരറ്റ്, ബീറ്റ്‌റൂട്ട്, കാപ്‌സിക്കം എന്നിവയും നന്നായി വളര്‍ന്ന് വിളവു തരുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.ഇതോടൊപ്പം തേന്‍വരിക്കയും റെഡ്‌ലേഡി പപ്പായയും കൂടി ടെറസില്‍ വളര്‍ന്നുവരുന്നുണ്ട്.

പ്ലാവ് പ്രൂണ്‍ ചെയ്ത് നിര്‍ത്തി കുള്ളന്‍ മരമാക്കി വളര്‍ത്താമെന്ന ആലോചനയിലാണ് ടെറസില്‍ നട്ടിരിക്കുന്നത്.

അകെയുള്ള അഞ്ച് സെന്റ് സ്ഥലത്തെ വീട്ടിന്റെ ടെറസില്‍ ആവശ്യമായതെല്ലാം ഉല്‍പ്പാദിപ്പിക്കാനാവുമെന്നാണ് ബാലചന്ദ്രന്റെ പ്രതീക്ഷ. ഭാര്യ ഇന്ദിരയും കൃഷിയില്‍ സജീവമായി ഇദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ പരിയാരത്തുള്ള 60 സെന്റ് ഭൂമിയില്‍ കൃഷിപ്പണി ചെയ്യുന്ന ബാലചന്ദ്രന്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി എട്ടുവരെയുള്ള സമയത്താണ് ടെറസ് കൃഷിയില്‍ സജീവമാകുന്നത്.

ലെറ്റുകളും മറ്റും ഘടിപ്പിച്ചിട്ടുള്ളതിനാല്‍ രാത്രിയില്‍ ഇരുന്ന് വിശ്രമിക്കുന്നതും പുസ്തകങ്ങള്‍ വായിക്കുന്നതുമൊക്കെ ഈ ടെറസ് കൃഷിയിടത്തിന്റെ തണുപ്പിലാണെന്ന് ബാലചന്ദ്രന്‍ പറയുന്നു.

പറഞ്ഞറിയിക്കാനാവാത്ത മാനസിക സന്തോഷമാണ് കൃഷി നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!