ലോക്ഡൗണ്‍ കാലത്ത് അടച്ച മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരെ 85-ാം ജന്മദിനമായ നാളെ 24 മണിക്കൂര്‍ ഉപവാസ സമരം

തളിപ്പറമ്പ്: കേരളത്തിലെ സാമൂഹിക ജീവിതത്തെ തകര്‍ക്കുകയും സമാധാനാന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്ന മദ്യശാലകള്‍ തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയുമായ മാത്യു എം.കണ്ടത്തില്‍ 24 മണിക്കൂര്‍ നിരാഹാര ഉപവാസം നടത്തുമെന്ന് ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സണ്ണി ആശാരിപ്പറമ്പില്‍ അറിയിച്ചു.

നാളെ  (മെയ് 14 ന്) വൈകുന്നേരം 4 മുതല്‍ മെയ് 15 ന് വൈകുന്നേരം 4 വരെയാണ് തന്റെ കരിക്കോട്ടക്കരിയിലെ വീട്ടില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിരാഹാരം നടത്തുക.

തന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ സമരവുമായി അദ്ദേഹം രംഗത്തുവരുന്നത്.

ലോക്ഡൗണ്‍ കാലത്ത് സാധാരണ ജനങ്ങള്‍ ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ അവരെ സഹായിക്കുന്നതിന് പകരം മദ്യശാലകള്‍തുറന്നു കൊടുക്കുകയും ബാറുകളിലും മദ്യം കുപ്പിയില്‍ നല്‍കുകയും ചെയ്യുക വഴി സംസ്ഥാനത്തെ കുടുംബങ്ങളെ കൊടും തകര്‍ച്ചയിലേക്ക് സര്‍ക്കാര്‍ തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് മാത്യു.എം.കണ്ടത്തില്‍ പറഞ്ഞു.

ജന്മദിനമായ 15 ന് ഉച്ചകഴിഞ്ഞ് ഉപവാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് കോവിഡ് മദ്യനിരോധനത്തിന് സുവര്‍ണ്ണാവസരം’ എന്ന പുസ്തകവും പ്രകാശനം ചെയ്യും.

ഗാന്ധിജിയുടെയും ബിഷപ്പ് വള്ളോപ്പിള്ളിയുടെയും ആശയങ്ങള്‍ സമൂഹത്തിലെ എല്ലാ തലമുറകളിലേക്കും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ചെയര്‍മാനാണ് മാത്യു.എം.കണ്ടത്തില്‍.

1978 മുതല്‍ 1996 വരെ എല്ലാ വര്‍ഷവും മദ്യഷാപ്പ് ലേലം നടക്കുന്ന ഹാളിന് മുന്നില്‍ പിക്കറ്റിംഗ് നടത്തി അദ്ദേഹം അറസ്റ്റ് വരിച്ചിരുന്നു.

തോല്‍ക്കുന്ന സമരങ്ങളിലെ വീരനായ പോരാളി എന്ന് മാത്യു എം കണ്ടത്തിലിനെക്കുറിച്ച് പലരും പറയുന്നു.

താന്‍ നടത്തുന്ന സമരങ്ങള്‍ തോറ്റാലും ജയിച്ചാലും അസാമാന്യ സഹനശക്തി പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ് മാത്യുഎം. കണ്ടത്തിലിന്റേത്.

നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ എപ്പോഴും നന്മ ജയിക്കുമെന്നും അതുവരെ സഹനശക്തി പ്രകടിപ്പിക്കുമെന്നുമാണ് 85-ാം വയസ്സിലും സമര രംഗത്തിറങ്ങിയ ഇദ്ദേഹത്തിന്റെ തത്വശാസ്ത്രം.

എം.പി. മന്മഥനും, വള്ളോപ്പിള്ളി പിതാവുമൊക്കെ മദ്യവിപത്തിനെതിരെ മരണം വരെ നടത്തിയ പോരാട്ടവുമായി തട്ടിച്ചുനോക്കിയാല്‍ തന്റേത് ചെറിയൊരു സഹനം മാത്രമാണെന്ന് അവരുടെ ശിഷ്യനായ മാത്യു എം.കണ്ടത്തില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

മദ്യവിരുദ്ധ സമരത്തില്‍ മാത്രമല്ല സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും അനീതിക്കെതിരെയും പ്രതികരിക്കാന്‍ അദ്ദേഹം ഒരിക്കലും മറന്നിട്ടില്ല.

1959 ലെ വിമോചന സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 ദിവസം ജയില്‍വാസം അനുഭവിച്ചു.

ഗാന്ധി യന്‍ ആര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും അതനുസരിച്ച് ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.

പാനുര്‍, മാറാട് സംഘര്‍ഷങ്ങളില്‍ ശാന്തിദൂതനായി പ്രവര്‍ത്തിച്ചു. 1967-ല്‍ മലബാറില്‍ മദ്യനിരോധനം റദ്ദ് ചെയ്തപ്പോള്‍ കെ. കേളപ്പനോടൊപ്പം പയ്യോളിയിലെ മദ്യഷാപ്പ് പിക്കറ്റില്‍ പങ്കുചേര്‍ന്നു.

1978 ല്‍ ഉളിക്കലില്‍ നിന്ന് കോട്ടയത്തേക്ക് മദ്യവിരുദ്ധ സമ്മേളനത്തില്‍പങ്കെടുക്കാന്‍ മാത്യു എം.കണ്ടത്തിലും സംഘവും സൈക്കിള്‍ യാത്ര നടത്തി അന്ന് ചരിത്രം സൃഷ്ടിച്ചു.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ മദ്യവിരുദ്ധ കാല്‍നടയാത്രയില്‍ 2 തവണയും ചെരിപ്പ് ധരിക്കാതെ ഈ സഹനസമരത്തില്‍ പോരാളിയായി.

മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ മലബാറിലെയും സംസ്ഥാനത്തേയും നിരവധി സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിത്വമാണ് മാത്യു.എം.കണ്ടത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!