അടച്ചിട്ട മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരെ പ്രതിഷേധം, മാത്യു എം കണ്ടത്തില്‍ 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ചു.

ഇരിട്ടി:ലോക്ക്ഡൗണില്‍ അടച്ചിട്ട മദ്യഷാപ്പുകള്‍ ഇനി ഒരിക്കലും തുറക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മദ്യനിരോധനത്തിന്റേയും മദ്യവര്‍ജ്ജനത്തിന്റേയും സമകാലിക പ്രസക്തി ഭരണാധികാരികളേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിനും പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയുമായ മാത്യു എം. കണ്ടത്തില്‍ 24 മണിക്കുര്‍ നിരാഹാരം അനുഷ്ഠിച്ചു.

തന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതലാണ് തന്റെ വീട്ടിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം നടത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം 4 ന് കരിക്കോട്ടക്കരി വികാരി ഫാ. ആന്റണി പുത്തൂര്‍ നല്‍കിയ നാരങ്ങാ നീര് കഴിച്ചാണ് സമരം അവസാനിപ്പിച്ചത്.

ഉറച്ചു വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ജീവിതം മാറ്റിവെച്ച വ്യക്തിത്വമാണ് മാത്യു എം. കണ്ടത്തിലെന്ന് അ്ദദേഹത്തെ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. ഒഴുക്കിനെതിരെ നീങ്ങാനുള്ള പ്രചോദനമാണ് മാത്യു എം. കണ്ടത്തില്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ പ്രതീക്ഷ ഡയറക്ടര്‍ റവ.ഡോ. ജോണ്‍സണ്‍ അന്ത്യാകുളം, കരിക്കോട്ടക്കരി അസി. വികാരി ഫാ. സ്റ്റെഫിന്‍ വള്ളിയില്‍, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. ജോസ്‌ലറ്റ് മാത്യു, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ്, അബ്രഹാം പാരിക്കാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘കോവിഡ്-19 മദ്യനിരോധനത്തിന് സുവര്‍ണ്ണാവസരം’ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

തന്റെ ആശയസമരത്തിന് പിന്‍തുണ അറിയിച്ചുകൊണ്ട് സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ നല്‍കിയ പിന്‍തുണ തന്നെ അതിശയിപ്പിച്ചതായി മാത്യു എം. കണ്ടത്തില്‍ പറഞ്ഞു.

മദ്യനിരോധനം അനിവാര്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്ന് ഈ സമരത്തിന് ലഭിച്ച പിന്‍തുണയില്‍ നിന്ന് മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!