മോഹന്‍ലാല്‍ @ 60 –സഹപാഠി സ്മരണയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയ്

പരിയാരം: നാല്‍പ്പത്തിയഞ്ചു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഔവര്‍ ട്യൂട്ടോറിയല്‍ കോളേജിലേക്ക് അല്പം ഇടതുവശം ചരിഞ്ഞു നടന്നെത്തിയ ആ കൗമാരക്കാരന്‍ പിന്നീട് ഇന്ത്യ കണ്ട മഹാനടന്‍ ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ക്ലാസ് കഴിഞ്ഞ് കുശലം പറഞ്ഞ് ഇറങ്ങുമ്പോള്‍ എന്നും പിന്നീട് കാണാമെന്നും പറഞ്ഞാണ് പിരിയുക. ഓട്ടോഗ്രാഫിന്റെ താളുകളില്‍ കുറിച്ചിട്ടത് ഭാവിയുടെ സ്വപ്നങ്ങളും.

പത്താം ക്ലാസ് കഴിഞ്ഞു പലരും പല വഴിക്ക് പിരിഞ്ഞപ്പോള്‍ ഡോ.എന്‍.റോയിക്ക് സഹപാഠിയും സുഹൃത്തുമായ മോഹന്‍ലാലിനെ കണ്ടു സംസാരിക്കാന്‍ നാലര ദശാബ്ദം വേണ്ടിവന്നു.

അതും ലോക്ഡൗണില്‍ കോവിഡ് മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന തിനിടയില്‍ മന്ത്രി ശൈലജ ടീച്ചറോടൊപ്പം.

കേരളത്തിന്റെ മഹാനടന്‍ ആറാംതമ്പുരാനായതും പിന്നീട് വാനപ്രസ്ഥവും കണ്ടു ഈ കാലയളവില്‍. സുഹൃത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ അവയവദാന സമ്മതപത്രം ഏറ്റുവാങ്ങാനും ഡോ.റോയിക്ക് ഭാഗ്യം കിട്ടി .

കോവിഡ് തിരക്കിനിടയിലും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍ റോയ് സുഹൃത്തും സഹപാഠിയുമായ മോഹന്‍ലാലിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.

തിരുവനന്തപുരം മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ 1972 മുതല്‍ 75 വരെയുള്ള മൂന്നു വര്‍ഷമായിരുന്നു മോഹന്‍ലാലുമായി ഒന്നിച്ചു പഠിച്ചത്. എട്ടാം ക്ലാസ് മുതല്‍ പത്തുവരെ.

താന്‍ 10 ജെ ഡിവിഷനിലും മോഹന്‍ലാല്‍ മറ്റൊരു ഡിവിഷനിലും ആയിരുന്നു. കേരളത്തില്‍ തന്നെ പ്രശസ്തമായ ഔവര്‍ ട്യൂട്ടോറിയല്‍ കോളേജില്‍ എന്നും രാവിലെയും വൈകുന്നേരവും പത്താംക്ലാസില്‍ ട്യൂഷന് എത്തും.

തിരുവനന്തപുരത്ത് അന്ന് അധികം സ്‌കൂളുകളും ഇല്ല. ധാരാളം കുട്ടികളും എം വരെയൊക്കെ ഡിവിഷന്‍ ഉണ്ടെന്നാണ് ഓര്‍മ്മ. ഒരേ ബെഞ്ചിലിരുന്നാണ് പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പഠിച്ചത്.

നടനും പിന്നീട് നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവും ജൂനിയര്‍ ക്ലാസില്‍ ഉണ്ടായിരുന്നു.

ഇവര്‍ക്കൊക്കെ സിനിമാരംഗത്ത് കമ്പം എങ്കിലും വൈദ്യശാസ്ത്രരംഗത്തേക്കാണ് ഞാന്‍ തിരിഞ്ഞത്.

സിനിമ എടുക്കണമെന്നും സംവിധാനം ചെയ്യണമെന്നും സുരേഷ് കുമാറിന് അന്നേ വലിയ ആഗ്രഹം ഉണ്ടായിരുന്നു. എല്ലാം യാഥാര്‍ഥ്യവുമായി .

പത്താം ക്ലാസിനു ശേഷം ബിരുദവും, തുടര്‍ന്ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും എം ബി ബി എസും, ബിരുദാനന്തര ബിരുദങ്ങളും നേടി 1988 ല്‍ അവിടെ തന്നെ ട്യൂട്ടറായി ജീവിതം തുടങ്ങി.

അപ്പോഴേക്കും മോഹന്‍ലാല്‍ സിനിമാരംഗത്ത് ഉന്നതിയിലെത്തിയിരുന്നു.

രണ്ടു പേരുടേയും തിരക്കിനിടയില്‍ കാണാറില്ല. തിരുവനന്തപുരത്ത് വകുപ്പ് മേധാവിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ താല്‍പര്യപ്രകാരം പരിയാരത്ത് പ്രിന്‍സിപ്പലായി ചുമതലയേറ്റത്.

കോവിഡ് തിരക്കിനിടയിലും ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഇഷ്ടനടന്റ പിറന്നാള്‍ ആഘോഷം ഒഴിവാക്കി അവയവദാന ചടങ്ങാക്കി മാറ്റി.

സമ്മതപത്രം സിക്രട്ടറി ടി.എം.അഖില്‍ ഡോ.എന്‍ റോയിക്ക് കൈമാറി. മെഡിക്കല്‍ സൂപ്രണ്ട് ഡോ: കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്,എ ആര്‍ എം ഒ ഡോ.കെ.പി.മനോജ് കുമാര്‍, അവയവദാന കോ ഓര്‍ഡിനേറ്റര്‍ റോബിന്‍ എന്നിവരും പങ്കെടുത്തു.

തിരക്കിനിടയിലും സുഹൃത്തിന് ജന്മദിന ആശംസകളും ഡോ.റോയ് അയച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!