തളിപ്പറമ്പ് പരിയാരം ദേശീയപാതയിലെ അപകടവളവില്‍ ദേശീയപാതാ അധികൃതരുടെ പ്ലാസ്റ്റിക് റിബണ്‍ പ്രതിരോധം വിവാദത്തില്‍

തളിപ്പറമ്പ് : തളിപ്പറമ്പ് പരിയാരം ദേശീയപാതയില്‍ പരിയാരം സെന്‍ട്രലിലെ അപകടവളവില്‍ ക്രാഷ്ബാരിയറിനു പകരം പ്ലാസ്റ്റിക്ക് റിബണ്‍ കെട്ടിയ ദേശീയപതാ അധികാരികളുടെ നടപടി വിവാദമാകുന്നു.

ജനങ്ങളുടെ ജീവന് പ്ലാസ്റ്റിക്ക് റിബണിന്റെ വിലപോലും കല്‍പ്പിക്കാത്ത ദേശീയപതാ അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. സ്ഥിരം വാഹനാപകടങ്ങളുണ്ടാകുന്ന പരിയാരം സെന്‍ട്രലിലെ കഴിഞ്ഞമാസം 12 ന് ഈ വളവില്‍ നിന്നും തോട്ടിലേക്ക് സ്വകാര്യബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

രണ്ട് വര്‍ഷം മുമ്പ് പോത്തുകളുമായി വരികയായിരുന്ന ലോറി മറിഞ്ഞ് ഒന്‍പത് പോത്തുകളാണ് ഈ വളവില്‍ മരണപ്പെട്ടത്. ഇതിനിടയില്‍ നിരവധി വാനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്.

സ്ഥിരം അപകടമേഖലയായ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളും ക്രാഷ്ബാരിയറും സ്ഥാപിക്കണമെന്ന് രണ്ടുവര്‍ഷമായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടും ദേശീയപാത അധികൃതര്‍ ഒന്നും ചെയ്തില്ല.

കോരന്‍പീടികക്കും പരിയാരം സെന്‍ട്രലിനും ഇടയില്‍ കൊട്ടിയൂര്‍ നന്‍മഠം ക്ഷേത്രത്തിന് മുന്നിലായാണ് കൊടുംവളവുള്ളത്. അപകടം നടന്ന തോടും റോഡുമായി ഒരു മീറ്റര്‍ അകലം മാത്രമാണുള്ളത്.

റോഡ് പരിചയമില്ലാത്തവര്‍ അപകടത്തില്‍ പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇവിടെയുളള മുന്നറിയിപ്പ് ബോര്‍ഡുപോലും കോരന്‍പീടിക പുരുഷ സ്വാശ്രയ സംഘം സ്ഥാപിച്ചതാണ്.

പരാതികള്‍ രൂക്ഷമായതിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം ഇവിടെ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടി അധികൃതര്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത്.

ഏമ്പേറ്റ് മുതല്‍ പുതിയതെരു വരെയുള്ള ഭാഗത്ത് സുരക്ഷാഭിത്തികളും ക്രാഷ് ബാരിയറും സ്ഥാപിക്കാന്‍ നേരത്തെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവെങ്കിലും പുതിയ നാലുവരിപാത വരുന്നതിനാല്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം.

നാലുവരിപ്പാത വരുന്നുവെന്ന പേരില്‍ ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെയുളള നടപടികള്‍ അവസാനിപ്പിച്ച് അടിയന്തിരമായി ഇവിടെ ക്രാഷ്ബാരിയര്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You can like this post!

You may also like!