പിടികിട്ടാപുള്ളിയായ ആലക്കോട് സ്വദേശി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ആലക്കോട് : തട്ടിപ്പ് കേസുകളില്‍ പിടികിട്ടാപുള്ളിയായ ആലക്കോട് സ്വദേശി അറസ്റ്റില്‍. ആലക്കോട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെ രാജനാണ് (50) അറസ്റ്റിലായത്. ക്രിമിനല്‍ കേസ് ഉള്‍പ്പെടെ 8 ഓളം കേസുകളില്‍ പ്രതിയാണിയാള്‍.

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലരേയും നേരില്‍ സമീപിക്കുന്ന ഇയാള്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്.

എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നാലും ജോലി ലഭിക്കാറില്ല. പരാതി നല്‍കുന്നവര്‍ക്ക് ചെക്ക് നല്‍കി മുങ്ങുകയാണ് ഇയാളുടെ പതിവ്. സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്.

2011 ല്‍ തേര്‍ത്തല്ലി സ്വദേശി ശശി എന്നയാളില്‍ നിന്നും വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി പത്തായിരം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ ശശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2014ല്‍ പനങ്കുറ്റി സ്വദേശി ദേവസ്യയില്‍ നിന്നും സമാന രീതിയില്‍ ഒരു ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയെങ്കിലും ജോലി ലഭിച്ചില്ല.

തളിപ്പറമ്പ് കോടതി 2 കേസിലും പയ്യന്നൂര്‍ കോടതിയി 3 കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് രാജന്‍. ഇത് കൂടാതെ പയ്യന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ചെക്ക് കേസില്‍ ശിക്ഷാ വാറണ്ട് പ്രതി കൂടിയാണിയാള്‍.

പയ്യന്നൂര്‍ മുന്‍സീഫ് കോടതിയിലും നെയ്യാറ്റിന്‍കര കോടതിയിലും ഇയാള്‍ക്കെതിരെ വാറണ്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നടത്തി വരുന്നയാളാണ് രാജനെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപം രാജന്‍ അസോസിയേറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ്, എസ്.ഐ എം.വി ഷീജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷറഫുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍ ജെന്‍സന്‍ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് വെച്ച് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലയോരത്തെ അഭ്യസ്ഥവിദ്യരായ യുവാക്കളെ ലക്ഷ്യമിട്ട് ജോലിവാഗ്ദാനം ചെയ്തുളള തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വഞ്ചിതരാകാതിരിക്കാന്‍ യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!