പ്രകൃതിയുടെ മാസ്‌ക്കുമായി ഒണ്ടനാട്ട് ബാലകൃഷ്ണന്‍-

തളിപ്പറമ്പ്: മഴൂരിലെ ഒണ്ടനാട്ട് ബാലകൃഷ്ണന്റെ പാള മാസ്‌ക്ക് സൂപ്പര്‍ഹിറ്റാവുന്നു.

അറുപത്തിമൂന്നുകാരനായ ഇദ്ദേഹം പരമ്പരാഗതമായി ലഭിച്ച കാര്‍ഷിക അറിവുകളാണ് നിത്യജീവിതത്തില്‍ ഉടനീളം പുലര്‍ത്തുന്നത്.

കൃഷിയും കന്നുകാലി വളര്‍ത്തലും ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാര്‍ഷിക വൃത്തിയുടെ അടയാളമായ പാളത്തൊപ്പി ധരിക്കാതെ ഇദ്ദേഹം കൃഷിപ്പണിക്ക് ഇറങ്ങാറില്ല.

തലയിലെ വിയര്‍പ്പ് വലിച്ചെടുക്കുന്ന പാളത്തൊപ്പി ശരീരത്തിന് ഊര്‍ജമാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

കൊറോണ കാലം വന്നതോടെ മാസ്‌ക്കുകള്‍ക്ക് വ്യാപകമായ ആവശ്യമാണ് ഉയര്‍ന്നുവന്നത്.

തുടക്കത്തില്‍ മാസ്‌കുകളുടെ വിലകൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് എന്തുകൊണ്ട് പാളയുപയോഗിച്ച് മാസ്‌ക്ക് നിര്‍മ്മിച്ചുകൂടായെന്ന ചിന്ത ഉയര്‍ന്നുവന്നത്.

കവുങ്ങുകള്‍ ഇഷ്ടംപോലെ സ്വന്തം കൃഷിയിടത്തില്‍ ഉള്ളതിനാല്‍ തന്റെ ഭാവനക്കനുസരിച്ച് ഇദ്ദേഹം നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്ന പാള മാസ്‌ക്ക് വലിയ ഹിറ്റായി മാറിയിരിക്കയാണ്.

സ്ഥിരമായി ബാലകൃഷ്ണന്‍ പാളയുടെ മാസ്‌ക്ക് ധരിച്ചു തുടങ്ങിയതോടെ ഇപ്പോള്‍ നിരവധിപേരാണ് പാളമാസ്‌ക്കിന്റെ ആവശ്യക്കാരായി ബാലകൃഷ്ണനെ സമീപിച്ചുകൊണ്ടിരിക്കുന്നത്.

തുണി മാസ്‌ക്കിനെ അപേക്ഷിച്ച് നിരവധി പ്രത്യേകതകള്‍ പാളയുടെ മാസ്‌ക്കിന് ഉണ്ടെന്ന് ബാലകൃഷ്ണന്‍ പറയുന്നു. ഉണ്ടാക്കാനുള്ള എളുപ്പവും നിര്‍മ്മാണചെലവ് ഇല്ലായെന്നുള്ളതുമാണ് പാളമാസ്‌ക്കിനെ ആകര്‍ഷകമാക്കുന്നത്.

മറ്റൊന്ന് തുണി മാസ്‌ക്ക് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളൊന്നും പാള മാസ്‌ക്കിനില്ല. മായും മൂക്കും കൈകള്‍കൊണ്ട് സ്പര്‍ശിക്കാനാവാത്തതിനാല്‍ മാസ്‌ക്കിന്റെ ആവശ്യം നിറവേറുന്നതോടൊപ്പം മുഖത്ത് വരിഞ്ഞുകൊട്ടാത്തതിനാല്‍ താഴെനിന്നും ഓക്സിജന്‍ ലഭിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുമില്ല.

തുണിമാസ്‌ക്കുകള്‍ പരമാവധി ഉപയോഗിക്കാനാവുന്നത് ആറുമണിക്കൂറാണെങ്കില്‍ പാളമാസ്‌ക്ക് രണ്ടുദിവസത്തോളം ഉപയോഗിക്കാം.

ഉപയോഗിച്ച തുണി മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ പരിസ്ഥിതി പ്രശ്നമായി മാറിയിരിക്കയാണിപ്പോള്‍. എന്നാല്‍ പാളമാസ്‌ക്കിന് ഇത്തരത്തിലുള്ള യാതൊരു  പ്രശ്‌നവുമുണ്ടാകുന്നില്ല.

നിരവധിപേര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവുസമയങ്ങളില്‍ മാസ്‌ക്കിന്റെ നിര്‍മ്മാണത്തില്‍ മുഴുകിയിരിക്കയാണിപ്പോള്‍ ബാലകൃഷ്ണന്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!