നാട്ടിപ്പണിക്ക് ആളെ കിട്ടാതെ ഞാറുനടീല്‍ മന്ദഗതിയില്‍; അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തം

തളിപ്പറമ്പ്: സമയത്ത് മഴയെത്തിയതോടെ ഈ വര്‍ഷം സജീവമാകുമെന്നു കരുതിയ നെല്‍കൃഷി നാട്ടിപ്പണിക്ക് ആളെക്കിട്ടാതെ മന്ദഗതിയിലായി.

തൊഴിലാളികളെല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാന്‍ പോയതോടെയാണ് ചവനപ്പുഴ പുതിയകണ്ടത്തില്‍ നാട്ടിപ്പണിക്ക് ആളില്ലാതായത്.

മഴ കൃത്യ സമയത്ത് എത്തുകയും ഞാറ്റടിയും വയലൊരുക്കലും കൃത്യമായി നടന്നിരുന്നു. സമയബന്ധിതമായി ഞാറുനടല്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വരമ്പ് പണി പൂര്‍ത്തിയായാല്‍ മാത്രമേ ആളെ കിട്ടൂ എന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.

പുതിയകണ്ടം വയലിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോയ ഭാഗത്ത് വരമ്പുകള്‍ പുനര്‍ നിര്‍മ്മിക്കുന്ന ജോലിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കിയിരുന്നത്.

അത് പൂര്‍ത്തിയായെങ്കിലും ഒരാഴ്ച്ച കൂടി തൊഴില്‍ ദിനങ്ങള്‍ കൂട്ടി മറ്റു വയലുകളുടെ വരമ്പുകളുടെ പണിയാണ് ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം.

മഴകനക്കുന്നതിനു മുന്‍പ് ചെയ്തു തീര്‍ക്കേണ്ടതാണ് വരമ്പൊരുക്കല്‍. ഇപ്പോള്‍ ചെയ്യുന്നത് കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടുകളേ ഉണ്ടാകൂ എന്നും ആക്ഷേപമുണ്ട്.

വയലുടമകളും സുഭിക്ഷ കേരളം പദ്ധതിയില്‍ ആവേശം പൂണ്ട് കൂടുതല്‍ വയലുകളില്‍ കൃഷി നടത്താനിറങ്ങിയ കൂട്ടായ്മയിലെ അംഗങ്ങളും മാത്രമാണ് ഇപ്പോള്‍ നാട്ടിപ്പണി ചെയ്യുന്നത്.

തങ്ങളെ കൊണ്ട് മാത്രം ഞാറു നടല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ആശങ്കയിലാണ് കര്‍ഷകര്‍.

ചവനപ്പുഴ പുതിയകണ്ടത്തില്‍ ഞാറു നടല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കുറുമാത്തൂര്‍ പഞ്ചായത്ത് അധികാരികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഞാറുനടീല്‍ വൈകുന്നത് കൊണ്ടുളള പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നുമുളള ആവശ്യം ശക്തമായി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!