പറശിനി മുത്തപ്പന്‍ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ രണ്ടിന് തിങ്കളാഴ്ച കൊടിയേറും.

തളിപ്പറമ്പ്: പറശിനി മുത്തപ്പന്‍ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ രണ്ടിന് തിങ്കളാഴ്ച കൊടിയേറും.

രാവിലെ 7.30ന്  മാടമന ഇല്ലത്തു വലിയ തമ്പ്രാക്കള്‍ നാരായണന്‍ നമ്പൂതിരി കൊടി ഉയര്‍ത്തുന്നതോടെ പുത്തരി മഹോത്സവത്തിന് തുടക്കമാകും.

തറവാട്ടിലെ മുതിര്‍ന്ന വനിത ഉച്ചക്ക് നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ അര്‍പ്പിക്കും.

പകല്‍ 2.30ന് മലയിറക്കല്‍ കര്‍മവും മൂന്നുമുതല്‍ മുത്തപ്പന്‍ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവും നടക്കും.

കണ്ണൂര്‍ തയ്യില്‍ തറവാട്ടില്‍ നിന്ന് ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് മടപ്പുരയില്‍ പ്രവേശിക്കും.

 തുടര്‍ന്ന് തെക്കരുടെ വരവെന്ന് അറിയപ്പെടുന്ന കോഴിക്കോട് മുതല്‍ തലശേരിവരെയുള്ള 15 ദേശക്കാരുടെ വര്‍ണപകിട്ടാര്‍ന്ന കാഴ്ചകള്‍ മടപ്പുരയിലെത്തും.

വൈകിട്ട് 6.30ന് മുത്തപ്പന്‍ വെള്ളാട്ടം ആരംഭിക്കും. രാത്രി 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മല്‍ തറവാട്ടില്‍നിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കലശക്കാരും സ്ഥാനികരും കഴകക്കാരുമടങ്ങിയ  കലശം എഴുന്നെള്ളിപ്പ് മടപ്പുരയില്‍ പ്രവേശിക്കും.

തുടര്‍ന്ന് ആചാര വെടിയും നടക്കും. മൂന്നിന് പുലര്‍ച്ചെ 5.30ന് പുത്തരി തിരുവപ്പന ആരംഭിക്കും. കാഴ്ചകളുമായി മടപ്പുരയിലെത്തിയ 15 ദേശക്കാരെ രാവിലെ 10.30ന് മുത്തപ്പന്‍ അനുഗ്രഹിച്ച് തിരിച്ചയക്കും.

   ഉത്സവാഘോഷത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം ഡിസംബര്‍ നാലിന് രാത്രി ഏഴിന് കണ്ണൂര്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള സംഘടിപ്പിക്കും.  

അഞ്ചിന് വൈകിട്ട് ആറിന് കൊവ്വല്‍ ചന്ദ്രോത്ത് പൊട്ടന്‍ ദേവസ്ഥാനത്തുനിന്നും താലപ്പൊലി, മുത്തുക്കുട, ശിങ്കാരി മേളം, വനിതാ കോല്‍ക്കളി എന്നിവ അണിനിരക്കുന്ന മുത്തപ്പന്‍ സേവാ സമിതിയുടെ ഘോഷയാത്ര അരങ്ങേറും.

അഞ്ച് മുതല്‍ ഏഴുവരെ പറശ്ശിനി മുത്തപ്പന്‍ കഥകളി യോഗത്തിന്റെ  കഥകളിയുമുണ്ടാകും.

അഞ്ചിന് രാത്രി ഒമ്പതിന് നളചരിതം ഒന്നാം ദിവസം, കിരാതം കഥകളിയും ആറിന് രാത്രി പത്തിന് ബകവധം ഏഴിന് രാത്രി പത്തിന് നളചരിതം നാലാം ദിവസം എന്നിവയാണ് അരങ്ങേറുക.

ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവം സമാപിക്കും. ആറുവരെ എല്ലാ ദിവസവും രാവിലെ തിരുവപ്പനയും  വൈകിട്ട് മുത്തപ്പന്‍ വെള്ളാട്ടവുമുണ്ടാകും.

സംഗിത നാടക അക്കാദമിയുടെ ഗുരുപൂജ ബഹുമതി നേടിയ പറശ്ശിനി മുത്തപ്പന്‍ കഥകളി യോഗത്തിലെ പൂര്‍വ വിദ്യാര്‍ഥി വെള്ളോറ സുകുമാരനെ ഏഴിന് വൈകിട്ട് ആറിന് മടപ്പുര ആദരിക്കും.

പത്രസമ്മേളനത്തില്‍ പി.എം.പ്രസന്നന്‍, പി.എം.വിനോദ്കുമാര്‍, പി.പി.നിര്‍മല്‍, ഹേമന്ത് ലക്ഷ്മണന്‍, പി.എം. പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!