തളിപ്പറമ്പ് : ഒടുവില്‍ പരിയാരം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ഏറെ നാളത്തെ ആവശ്യം നടപ്പിലാകുന്നു. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനു സമീപത്തായി നിലവിലുളള പോലീസ് സ്റ്റേഷനു
പിന്‍വശത്ത് ദേശീയ പാതക്ക് അഭിമുഖമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നടത്തുന്നതിന്റെ ഭാഗമായി ഉത്തരമേഖല ഐ.ജി കെ.സേതുരാമന് ഇന്ന് രാവിലെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.

ഒന്നര കോടി രൂപ ചെലവില്‍ 7800 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഇരുനിലകളിലായി കെട്ടിടം നിര്‍മിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ഐ.ജി പറഞ്ഞു.
പള്ളിക്കുന്ന് സ്വദേശിയായ ടി.ദാസനാണ് കെട്ടിട നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യ വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ 50 സെന്റ് സ്ഥലത്താണ് പുതിയ പോലീസ് സ്റ്റേഷന് പണിയുന്നത്.
ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍, പരിയാരം സി.ഐ കെ.വി.ബാബു, എസ്.ഐമാരായ പി.ബാബുമോന്, ടി.രവീന്ദ്രന്, പൊതുമരാമത്ത് കെട്ടിടവിഭാഗം എ.ഇ കെ.വി.സന്തോഷ് എന്നിവര്‍ ഐ.ജിക്ക് വിശദാംശങ്ങള്‍ നല്കി.
നേരത്തെ പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുന്നിന് രണ്ടരയേക്കര്‍ സ്ഥലം നല്‍കാനാണ് ധാരണയായതെങ്കിലും ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ അത് 50 സെന്റ് മാത്രമായി ചുരുങ്ങി.
ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനായി കൂടുതല്‍ സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരികയാണ്. നിലവിലുളള കെട്ടിടം മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതിനാല്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടുകയായിരുന്നു.
അടിത്തറമുതല്‍ ദ്രവിച്ച പഴകിയ കെട്ടിടം ഏറെ അപകടാവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്ല്യവും ഇടക്കിടെ ഉണ്ടാകാറുണ്ട്. പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുന്നതോടൊപ്പം വേഗത്തില്‍ നിര്‍മ്മാണം നടത്താനുളള ശ്രമമാണ് അധികാരികളുടെ ഭാഗത്തു നിന്നും നടക്കുന്നത്.
