പരിയാരം ഇരിങ്ങലില്‍ തടവിലാക്കപ്പെട്ടത് അന്താരാഷ്ട്രബന്ധമുള്ള മാഫിയാ സംഘം, ഇവരെ അക്രമിച്ച സംഘത്തിലെ ഭീമനടി സ്വദേശി അറസ്റ്റില്‍, പോലീസ് അന്വേഷണം തുടരുന്നു.

പരിയാരം: ഇരിങ്ങലില്‍ മര്‍ദ്ദിച്ച് തടവിലാക്കപ്പെട്ടത് അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘമെന്ന് വ്യക്തമായതായി തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍.

ഇവരെ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ച സംഘത്തിലെ കാഞ്ഞങ്ങാട് സ്വദേശിയായ അമീര്‍ അറസ്റ്റില്‍, മറ്റുള്ളവര്‍ വലയിലായതായി സൂചന.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അജ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തിന്റെ തലവന്‍ ഗുരുജിയുടെ ഏജന്റുമാരായ മുംബൈ കുലാവയിലെ ഓംരാജ്(42), കല്യാണിലെ സമാധാന്‍(34), ഗുജറാത്ത് അഹമ്മദബാദിലെ അഷ്വിന്‍(29), കര്‍ണ്ണാടക ബെല്‍ഗാമിലെ സഞ്ജയ്(55), മുംബൈയിലെ സതീഷ്(47) എന്നിവര്‍ക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സബ് ഏജന്റുമാരുണ്ട്. അത്തരത്തില്‍ പെട്ട സംഘത്തിലെ അംഗങ്ങളാണ് അമീര്‍, കോരന്‍പീടികയിലെ റിവാജ്, ഇരിങ്ങലിലെ നിസാമുദ്ദീന്‍, പടന്നക്കാട്ടെ സമീര്‍ എന്നിവര്‍.

ഈ സംഘം കോരന്‍ പീടികയിലെ നാല് സമ്പന്നന്‍മാരില്‍ നിന്നും 13.5 ലക്ഷം രൂപ വാങ്ങി ഗുരുജിയുടെ ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നു. 70 ലക്ഷം രൂപ തിരിച്ചുകൊടുക്കുമ്പോള്‍ നേരത്തെ വാങ്ങിയ 13.5 ലക്ഷവും തിരിച്ചു നല്‍കുമെന്നായിരുന്നു കരാര്‍.

ഒരു കോടി രൂപയുടെ പഴയ നോട്ട് തന്നാല്‍ 70 ലക്ഷം രൂപയുടെ പുതിയ നോട്ട് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ കോരന്‍പീടികയിലെ മൂവരില്‍ നിന്നായി പണം വാങ്ങിയത്. 70 ലക്ഷം രൂപ നല്‍കുന്നതിന് വേണ്ടി വരുന്ന മറ്റ് ചെലവുകള്‍ക്കായിട്ടാണ് 13.5 ലക്ഷം നല്‍കിയത്.

എന്നാല്‍ അമീര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഗുരുജി ടീം പണം നല്‍കാന്‍ തയ്യാറായില്ല. അമീര്‍ സംഘം തന്നത് കള്ളനോട്ടാണെന്നും അതിനാല്‍ പണം നല്‍കാനാവില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്.

തുടര്‍ന്ന് കോരന്‍പീടിക സംഘം അമീറിന്റെ സംഘവുമായി കൊമ്പുകോര്‍ക്കുകയും ഗുരുജിയുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തങ്ങള്‍ നല്‍കിയ നല്ല നോട്ടിന് പകരം അമീര്‍ കള്ളനോട്ടാണ് ഗുരുജിക്ക് നല്‍കിയതെന്ന് വ്യക്തമായതോടെ മധ്യസ്ഥ ശ്രമവുമായി എത്തിയ അമീര്‍സംഘം ഗുരുജി ഏജന്റുമാരെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും ഉള്‍പ്പെടെ തട്ടിയെടുക്കുകയുമായിരുന്നു.

അമീര്‍ സംഘത്തിന്റെ ഒരു കാറും രണ്ട് ബൈക്കുകളും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഓംരാജ്, സമാധാന്, അശ്വിന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!