പരിയാരത്ത് അന്താരാഷ്ട്ര കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍.

പരിയാരം: അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട്-മയക്കുമരുന്ന് മാഫിയാ സംഘത്തില്‍ പെട്ട നാലുപേര്‍ അറസ്റ്റില്‍, അഞ്ചുപേര്‍ ഒളിവില്‍.

കേരളത്തിന്റെ എല്ലാ ഭാഗത്തും വേരുകളുള്ള സംഘത്തിന്റെ വലയില്‍ കുടുങ്ങിയത് വന്‍തോക്കുകള്‍, കോടിക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമായത്.

കാസര്‍ഗോഡ് ഭീമനടിയിലെ പറമ്പത്ത് അമീര്‍(33), ഗുജറാത്ത് കലോണിലെ അശ്വിന്‍(29), മുംബൈ കൊളാബയിലെ ഓംരാജ് റാത്തോഡ്(42), മുംബൈ കല്യാണിലെ സമാധാന്‍(34) എന്നിവരാണ് അറസ്റ്റിലായത്.

സമീര്‍ എന്ന ഇബ്രാഹിം, ഗഫൂര്‍, ബാബു, സയ്യിദ്, റിവാജ്, സിദ്ദിക്ക് എന്നിവരും കണ്ടാലറിയാവുന്ന നാലുപേരേയുമാണ് പിടികിട്ടാനുള്ളത്.

മയ്യില്‍ വെമ്മിണിശേരിയിലെ അബ്ദുള്‍നാസറിന്റെ പരാതിയിലാണ് പോലീസ് ഇവര്‍ക്കെതിരെ വഞ്ചനകുറ്റത്തിനും ഐ പി സി 342, 365, 395 വകുപ്പുകള്‍ പ്രകാരവും കേസെടുത്തത്. നിരോധിക്കപ്പെട്ട 500, 1000 നോട്ടുകള്‍ക്ക് അതിന്റെ 5 ശതമാനം വില നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഇവര്‍ 13.6 ലക്ഷം രൂപ വാങ്ങിയത്.

എന്നാല്‍ പണംനല്‍കാതെ വഞ്ചിച്ചതായാണ് പരാതി. പണത്തിന് ചോദിച്ചപ്പോള്‍ അജ്മീറിലെ ഗുരുജി മന്തശക്തി ഉപോഗിച്ച് പണം എത്തിച്ചുതരുമെന്നാണ് പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. : അജ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തിന്റെ തലവന്‍ ഗുരുജിയുടെ ഏജന്റുമാരായ മുംബൈ കുലാവയിലെ ഓംരാജ്(42), കല്യാണിലെ സമാധാന്‍(34), ഗുജറാത്ത് അഹമ്മദബാദിലെ അഷ്വിന്‍(29), കര്‍ണ്ണാടക ബെല്‍ഗാമിലെ സഞ്ജയ്(55), മുംബൈയിലെ സതീഷ്(47) എന്നിവര്‍ക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സബ് ഏജന്റുമാരുണ്ട്.

അത്തരത്തില്‍ പെട്ട സംഘത്തിലെ അംഗങ്ങളാണ് അമീര്‍, കോരന്‍പീടികയിലെ റിവാജ്, ഇരിങ്ങലിലെ നിസാമുദ്ദീന്‍, പടന്നക്കാട്ടെ സമീര്‍ എന്നിവര്‍. ഈ സംഘം അബ്ദുള്‍ സത്താറിന്റെ ഉള്‍പ്പെടെ നാലുപേരില്‍ നിന്ന് ഗുരുജിയുടെ ഏജന്റുമാര്‍ക്ക് പണം വാങ്ങി നല്‍കിയിരുന്നു.

ഒരു കോടി രൂപയുടെ പഴയ നോട്ട് തന്നാല്‍ 70 ലക്ഷം രൂപയുടെ പുതിയ നോട്ട് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. എന്നാല്‍ അമീര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഗുരുജി ടീം പണം നല്‍കാന്‍ തയ്യാറായില്ല.

അമീര്‍ സംഘം തന്നത് കള്ളനോട്ടാണെന്നും അതിനാല്‍ പണം നല്‍കാനാവില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്.

തുടര്‍ന്ന് കോരന്‍പീടിക സംഘം അമീറിന്റെ സംഘവുമായി കൊമ്പുകോര്‍ക്കുകയും ഗുരുജിയുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തങ്ങള്‍ നല്‍കിയ നല്ല നോട്ടിന് പകരം അമീര്‍ കള്ളനോട്ടാണ് ഗുരുജിക്ക് നല്‍കിയതെന്ന് വ്യക്തമായതോടെ മധ്യസ്ഥ ശ്രമവുമായി എത്തിയ അമീര്‍സംഘം ഗുരുജി ഏജന്റുമാരെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും ഉള്‍പ്പെടെ തട്ടിയെടുക്കുകയുമായിരുന്നു.

സംഭവത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അറസ്റ്റിലായ ഓംരാജ്, സമാധാന്, അശ്വിന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്യുമെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!