കണ്ണൂര്‍ ജില്ലയിലെ ആദ്യ പ്ലാസ്മ തെറാപ്പി ഗവ മെഡിക്കല്‍ കോളേജില്‍ നടന്നു, രോഗി ഗുരുതരമായി തുടരുന്നു-

പരിയാരം : ഉത്തര മലബാറിലെ ചികിത്സ രംഗത്ത് പുതിയ കാല്‍വെപ്പായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗം ബാധിച്ച 54 കാരന് അതിനൂതന ചികിത്സ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നല്‍കി.

ജൂണ്‍ 20 നാണ് കടുത്ത ന്യൂമോണിയ ബാധിച്ച കൂടാളി സ്വദേശിയായ കുവൈത്തില്‍ നിന്നെത്തിയ രോഗിയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്.

പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐ. സി. യുവില്‍ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് സി -പാപ് വെന്റിലേറ്ററിലേക്ക് മാറ്റി.  ഇയാള്‍ക്ക് പിന്നീട് കോവിഡ് പോസിറ്റീവ് ആണ് എന്ന് കണ്ടെത്തി.

രോഗം ഗുരുതരമാവാന്‍ ഉള്ള സാധ്യത കണ്ടതോടെ കേരള സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും എത്തിക്കല്‍ കമ്മറ്റിയുടെയും അനുമതിയോടുകൂടി പ്രിന്‍സിപ്പല്‍ ഡോ കെ. എം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് , കൊറോണ മെഡിക്കല്‍ ബോര്‍ഡിലെ നോഡല്‍ ഓഫീസര്‍ കൂടിയായ പ്രൊഫ. ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. സരോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ കോവിഡ് മെഡിക്കല്‍ ബോര്‍ഡിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണവും നൂതനവുമായ ചികിത്സരീതിയായ പ്ലാസ്മ തെറാപ്പി പ്രസ്തുത രോഗിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കോവിഡ് -19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ ഉള്ള പ്ലാസ്മ വേര്‍തിരിച്ചു മറ്റൊരു രോഗിക്ക് നല്‍കുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി.

രോഗം ഭേദമായ ഒരാളുടെ രക്തത്തില്‍ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും.

ഈ ആന്റിബോഡികള്‍ രോഗം ബാധിച്ച രോഗിയില്‍ വൈറസ്സിനെതിരായി പ്രവര്‍ത്തിക്കും.

ശരീരത്തില്‍ ഓക്‌സിജന്റെ അളവില്‍ 84% താഴെ വരുന്ന രോഗികളെ ആണ് പ്രധാനമായും ഇതിനു വിധേയമാക്കുന്നത്.

മാത്രവുമല്ല പ്രസ്തുത ചികിത്സക്ക് പാലിക്കേണ്ട എല്ലാ പ്രോട്ടോകോള്‍ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.

ചികിത്സക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകള്‍ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടര്‍മാര്‍ ഇത് നല്‍കാറുള്ളൂ.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെ കോവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ അവിടെ നിന്ന് തന്നെ വേര്‍തിരിച്ചു.

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം പ്ലാസ്മ തെറാപ്പി ചെയ്യുകയാണ് ഉണ്ടായത്.

രോഗിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!