സഞ്ചാരസാഹിത്യകാരന്‍ പി.എം.ജോണിന് ക്ഷേത്രത്തില്‍ വിലക്ക്, വേദിയില്‍ കയറാനാവാതെ റോഡില്‍ നിന്ന് ചടങ്ങ് വീക്ഷിച്ച് രചയിതാവ് മടങ്ങി.

തളിപ്പറമ്പ്: പുസ്തക പ്രകാശന വേദിയില്‍ കയറാനാവാതെ റോഡില്‍ നിന്ന് ചടങ്ങ് വീക്ഷിച്ച് രചയിതാവ് മടങ്ങി. തളിപ്പറമ്പ് പാലകുളങ്ങര ധര്‍മന്മശാസ്താ ക്ഷേത്രത്തിലാണ് സംഭവം.

ജനുവരി 15 ന് വൈകുന്നേരം നാല് മണിക്ക് മകരസംക്രമ പൂജയും അതോടനുബന്ധിച്ച് പ്രമുഖ സഞ്ചാര സാഹിത്യകാരനും കവിയുമായ പി.എം.ജോണ്‍ രചിച്ച പാലകുളങ്ങര ദേശവിശേഷങ്ങള്‍ എന്ന പുസ്തക പ്രകാശനവുമാണ് സംഘടിപ്പിച്ചിരുന്നത്. അയ്യപ്പാ ചിരിറ്റബിള്‍ ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ആറ് മാസത്തിലേറെക്കാലമായി പി.എം.ജോണ്‍ തളിപ്പറമ്പിലെത്തി നിരവധി പേരുമായി സംസാരിച്ച് പഠനങ്ങല്‍ നടത്തി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ധര്‍മ്മശാസ്താവിന്റെ സാന്നിധ്യത്തില്‍ തന്നെ വേണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

നേരത്തെ രണ്ട് തവണ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് അദ്ദേഹം ക്ഷേത്രം ഊ്ട്ടുപുരയില്‍ നടന്ന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 15 ന് നടക്കുന്ന ചടങ്ങില്‍ ഇദ്ദേഹത്തെ ക്ഷേത്രമതില്‍കെട്ടിനകത്തോ, ഊട്ടുപുരയിലോ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഒരു സംഘം ആളുകള്‍.

ക്ഷേത്രകമ്മറ്റി ചെയര്‍മാനായ കെ.സി.മണികണ്ഠന്‍നായരെയും അവര്‍ ഇക്കാര്യമറിയിച്ചു.

പി.എം.ജോണ്‍ പരിപാടി തുടങ്ങുന്നതിന് മുമ്പായി സ്ഥലത്തെത്തിയെങ്കിലും ഒരു സംഘം ആളുകള്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ കയറ്റില്ലെന്ന് ആക്രോശിച്ചുകൊണ്ട് സ്ഥലത്തെത്തി ഇദ്ദേഹത്തെ തടയുകയായിരുന്നു.

പ്രശ്‌നത്തിലിടപെട്ട കെ.സി.മണികണ്ഠന്‍ നായരെയും ചിലര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.

എന്നാല്‍ താന്‍ ക്ഷേത്രമതില്‍കെട്ടിനകത്തോ ഊട്ടുപുരയിലോ കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുസ്തകപ്രകാശന ചടങ്ങ് നടത്തിയാല്‍ മതിയെന്നും അത് പുറത്തുനിന്ന് കണ്ടുകൊള്ളാമെന്നുമുള്ള നിലപാടിലായിരുന്നു പിഎം.ജോണ്‍.

ഒടുവില്‍ രചയിതാവിനെ പുറത്തുനിര്‍ത്തി പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറും ആദ്ധ്യാത്മിക പ്രഭാഷകനുമായ എം.പി.പ്രഭാകരനു നല്‍കിയാണ് പ്രകാശനം നടത്തിയത്.

പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

എം.വി.വിജയകുമാര്‍,എം.വി.ദാമോദരന്‍ നായര്‍, ടി.ചന്ദ്രന്‍, ഇ.പി.ശാരദ എന്നിവര്‍ പ്രസംഗിച്ചു.

ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്‌വരകളും ഉള്‍പ്പെടെ ഒന്‍പത് ഗ്രന്ഥങ്ങള്‍ രചിച്ച് പ്രസിദ്ധനായ പി.എം.ജോണിന്റെ ഏറ്റവും പുതിയ പുസ്തകമാണ് പാലകുളങ്ങര ദേശ വിശേഷങ്ങള്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!