തളിപ്പറമ്പില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ച കണ്ണൂര്‍ ആനയിടുക്ക് സ്വദേശി പി.കെ.നസീര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികന്‍ അറസ്റ്റില്‍.

കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആനയിടുക്ക് സ്വദേശി പി.കെ.നസീര്‍(42)ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 13 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4.15ന് ഭ്രാന്തന്‍കുന്ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം.

പാല്‍ വാങ്ങാന്‍ പോകുകയായിരുന്ന 13 കാരിയായ  പെണ്‍കുട്ടി നടന്നു പോകവെ അടുത്തെത്തി വഴി ചോദിച്ച നസീര്‍ പെട്ടെന്ന് കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഇയാള്‍ തൃച്ചംബരം ഭാഗത്തേക്ക് സ്്കൂട്ടറുമായി കടന്നു പോകുകയും ചെയ്തു.

എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി സി ടി വി കാമറകള്‍ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്.  തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.

സംഭവം നടന്ന് ഒരാഴ്ച്ചക്കുള്ളില്‍ പ്രതി വലയിലായത് തളിപ്പറമ്പ് പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ്. ഇയാള്‍ ഓടിച്ചിരുന്ന ഹോണ്ട ഫോര്‍ ജി സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 

കണ്ണൂരിലെ ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പിടിയിലായ നസീറെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം മയ്യില്‍ നിന്നും കളക്ഷന്‍ എടുത്ത് മുയ്യം വരഡൂല്‍ വഴി വരുമ്പോഴാണ് നസീര്‍ പെണ്‍കുട്ടിയെ കാണുന്നത്.

പെണ്‍കുട്ടി ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്ത് എത്തുന്നത് വരെ കാത്തു നിന്നതിന് ശേഷം അടുത്തെത്തി പ്രഭാകരന്‍ കോണ്‍ട്രാക്ടറുടെ വീട് അന്വേഷിച്ചു. അറിയില്ലെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞയുടന്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ പേരില്‍ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്.

സി.ഐ എന്‍.കെ സത്യനാഥന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തില്‍ എസ്.ഐ പി.സി സഞ്ജയ്കുമാര്‍, എ.എസ്.ഐമാരായ എ.ജി അബ്ദുല്‍റൗഫ്, വിനോദ്, സീനിയര്‍ സി.പി.ഒ മാരായ സ്‌നേഹേഷ്, ശ്രീകാന്ത് എന്നിവരുമുണ്ടായിരുന്നു.

തളിപ്പറമ്പിലും പരിസരത്തുമുള്ള അമ്പതോളം സി സി ടി വി കാമറകളാണ് പോലീസ് ഇക്കാലയളവില്‍ പരിശോധിച്ചത്. ഇതില്‍ ഏഴാംമൈലിലെ ഒരു കാമറയില്‍ വ്യക്തമായി പതിഞ്ഞ വണ്ടി നമ്പറും സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. 5000ത്തോളം ഇരുചക്ര വാഹന ഉടമകളുടെ വിവരങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

തുടക്കത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമാകാതിരുന്നത് പോലീസിനെ വലച്ചിരുന്നെങ്കിലും നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ലഭിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയതില്‍ നിന്നും നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തെ സഹായിച്ചതായി പോലീസ് പറഞ്ഞു.

സംഭവം നടന്ന് കൃത്യം ഒരാഴ്ച്ചക്കകം തന്നെ പ്രതിയെ വലയിലാക്കിയത് പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയിരിക്കയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!