പെണ്‍കുട്ടിയെ കയറിപ്പിടിച്ചത് കണ്ണൂര്‍ ആനയിടുക്ക് സ്വദേശി പി.കെ.നസീര്‍– അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും-

തളിപ്പറമ്പ്: വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികന്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആനയിടുക്ക് സ്വദേശി പി.കെ.നസീര്‍(42)ആണ് പിടിയിലായത്.

പാല്‍ വാങ്ങാന്‍ പോകുകയായിരുന്ന 13 കാരിയായ പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികനായ യുവാവാണ് തളിപ്പറമ്പ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞ 13 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4.15ന് ഭ്രാന്തന്‍കുന്ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം.

പെണ്‍കുട്ടി നടന്നു പോകവെ അടുത്തെത്തി വഴി ചോദിച്ച നസീര്‍ പെട്ടെന്ന് കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഇയാള്‍ തൃച്ചംബരം ഭാഗത്തേക്ക്  കടന്നു പോകുകയും ചെയ്തു.

എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി സി ടി വി കാമറകള്‍ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്.

സംഭവം നടന്ന് ഒരാഴ്ച്ചക്കുള്ളില്‍ പ്രതി വലയിലായത് തളിപ്പറമ്പ് പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ്.

ഇയാള്‍ ഓടിച്ചിരുന്ന ഹീറോ ഹോണ്ട ഫോര്‍ ജി സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കണ്ണൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പിടിയിലായ നസീറെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ഒരാഴ്ച്ചക്കാലം പോലീസ് വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

തളിപ്പറമ്പിലും പരിസരത്തുമുള്ള നൂറിലേറെ സി സി ടി വി കാമറകളാണ് പോലീസ് ഇക്കാലയളവില്‍ പരിശോധിച്ചത്. ഇതില്‍ ഒരു കാമറയില്‍ വ്യക്തമായി പതിഞ്ഞ വണ്ടി നമ്പറും സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

തുടക്കത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമാകാതിരുന്നത് പോലീസിനെ വലച്ചിരുന്നെങ്കിലും നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ലഭിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയതില്‍ നിന്നും നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തെ സഹായിച്ചതായി പോലീസ് പറഞ്ഞു.

സംഭവം നടന്ന് കൃത്യം ഒരാഴ്ച്ചക്കകം തന്നെ പ്രതിയെ വലയിലാക്കിയത് പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയിരിക്കയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!