തളിപ്പറമ്പിലെ പ്രവാസി ക്ഷേമനിധി തട്ടിപ്പില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകളുടെ കൂട്ടായ്മ രൂപീകരിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പിലെ പ്രവാസി ക്ഷേമനിധി തട്ടിപ്പില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ച് പ്രവാസികളുടെ ബന്ധുക്കള്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കി.

വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും തട്ടിപ്പിനിരയായവര്‍ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിയിലേക്ക് അടക്കാന്‍ പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ നല്‍കിയ തുക തട്ടിയെടുത്ത സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ പ്രവാസി സംഘം മുന്‍ ഏരിയാ സെക്രട്ടറി എന്‍.കൃഷ്ണന്‍, ജീവനക്കാരി കവിതാ രാജീവന്‍ എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തിരുന്നെങ്കിലും യാതൊരു തുടര്‍നടപടികളും ഉണ്ടായിരുന്നില്ല.

അതേ തുടര്‍ന്നാണ് നഷ്ടമായ പണം തിരികെ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാനായി തട്ടിപ്പിന് ഇരയായവര്‍ ഇന്നലെ ഉച്ചയോടെ തളിപ്പറമ്പില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

159 പേരാണ് ഇതില്‍ പങ്കെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവരെല്ലാം ചേര്‍ന്ന് വീണ്ടും തളിപ്പറമ്പ് പൊലfസില്‍ പരാതി നല്‍കിയിട്ടുളളത്.

തങ്ങളുടെ പണം തിരികെ കിട്ടുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. വേണ്ടി വന്നാല്‍ മരണം വരെ നിരാഹാര സമരം നടത്താനും ഒരുക്കമാണെന്നും ഇവര്‍ വ്യക്തമാക്കി.

പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വി.വി ചന്ദ്രന്‍ ചെയര്‍മാനും പി.പി. സത്യന്‍ ജനറല്‍ കണ്‍വീനറുമായി 21 അംഗങ്ങളടങ്ങിയ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

You can like this post!

You may also like!