തളിപ്പറമ്പ് പ്രവാസി ക്ഷേമനിധി തട്ടിപ്പ് : ഒരുകോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തു

തളിപ്പറമ്പ്: തളിപ്പറമ്പ് പ്രവാസിസംഘം ഓഫിസിലെ തട്ടിപ്പ് രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ സ്റ്റാര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കേരള പ്രവാസിസംഘം ഏരിയാ കമ്മിറ്റി ഓഫിസില്‍ ക്ഷേമനിധിയിലേക്ക് അടച്ച ഒരുകോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസ്.

ഇവിടെ പ്രവര്‍ത്തിച്ച പ്രവാസി സേവാ സംഘം മുഖേന മാസവരിസംഖ്യ സ്വീകരിക്കുകയും പ്രസ്തുത തുക ക്ഷേമനിധിയില്‍ അടക്കാതെ വഞ്ചിക്കുകയും ചെയ്ത ഓഫീസ് ജീവനക്കാരി മുറിയാത്തോട്ടിലെ കുളത്തുവളപ്പില്‍ കവിത രാജീവന്‍ (36), പ്രവാസി സംഘം മുന്‍ ഏരിയാ സെക്രട്ടറി പറശിനിക്കടവ് നടക്കല്‍ വീട്ടില്‍ കൃഷ്ണന്‍(53) എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലിസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

200 ക്ഷേമനിധി അംഗങ്ങളുടെ 5000 മുതല്‍ 25,000 രൂപ വരെയുള്ള തുകകള്‍ നഷ്ടപ്പെട്ടതായിട്ടാണ് പരാതികള്‍ ലഭിച്ചത്. അഞ്ചാംപീടികയിലെ എളമ്പിലന്‍ നാലക്കണ്ടി ചന്ദ്രന്റെ പരാതിയിലാണ് കേസ്.

എന്നാല്‍ താന്‍ പ്രവാസി സംഘത്തിലെ ജീവനക്കാരിയല്ലെന്നും ടി.ടി സോമന്‍ എന്നയാള്‍ നടത്തുന്ന യുഗദര്‍ശനം മാസികയിലെ ജീവനക്കാരിയാണെന്നും കാണിച്ച് കവിത രാജീവന്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് നേരത്തേ പരാതി നല്‍കിയിട്ടുണ്ട്.

ഈ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. പുറത്താക്കപ്പെട്ട പ്രവാസി സംഘം ഏരിയാ സെക്രട്ടറി എന്‍.കൃഷ്ണന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.

പ്രവാസികള്‍ ക്ഷേമനിധിയിലേക്കടക്കാനായി പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലേല്‍പ്പിച്ച രൂപ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ പൊലിസിന് ലഭിച്ച ആദ്യ പരാതിയാണിത്. ഇതിനുശേഷമാണ് തട്ടിപ്പിനിരയായവര്‍ കൂട്ടമായി പരാതി നല്‍കിയത്. കുറച്ചു പേര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു.

You can like this post!

You may also like!