പുതിയ ഭഗവതി പൈതങ്ങളോട് പറയുന്നത് സാന്ത്വന പരിചരണത്തിന്റെ സന്ദേശമാണെന്ന് എസ്.പി. രമേശന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: പുതിയോതി എന്ന പുതിയോത്ര തൃക്കുരിപ്പും വസൂരിയും തടവിപ്പിടിച്ച് മാറ്റുന്ന പുതിയ ഭഗവതി പൈതങ്ങളോട് പറയുന്നത് സാന്ത്വന പരിചരണത്തിന്റെ സന്ദേശമാണെന്ന് എസ്.പി. രമേശന്‍ മാസ്റ്റര്‍ പറഞ്ഞു.

കരിമ്പം ശ്രീ കുണ്ടത്തില്‍ കാവ് പുതിയ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക പരിപാടിയില്‍ തെയ്യം പൈതങ്ങളോട് പറയുന്നത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

പണ്ട് മുതല്‍ കാവുകളിലും വയല്‍തിറകളിലും കെട്ടിയാടുന്ന ദൈവക്കോലത്തിലൂടെ പകര്‍ന്നു നല്‍കിയ സന്ദേശം തന്നെയാണ് ഇന്ന് ഐ.ആര്‍.പി.സിയെ പോലെ സാന്ത്വന പരിചരണ രംഗത്തുളളവര്‍ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും.

പഠിക്കാന്‍ അവകാശമില്ലാത്ത ബ്രാഹ്മണ പെണ്‍കുട്ടി വീട്ടില്‍ സ്ഥിരമായി നടക്കുന്ന പണ്ഡിത സദസില്‍ നിന്ന് നേടിയ അറിവിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് മുച്ചിലോട്ട് ഭഗവതിയായി മാറി നമുക്ക് നല്‍കുന്ന സന്ദേശം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം,

അതിലൂടെ സ്വാതന്ത്ര്യം നല്‍കുക അതിലൂടെ അനീതിക്കെതിരെ പൊരുതാനും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും പ്രാപ്തരാക്കണമെന്നതാണ്.

കൃഷിചെയ്യുന്നതിനായി പുനം വെട്ടി തീയിട്ട് ആതീയില്‍ തന്നെ വെന്തു തീരുന്ന കണ്ടനാര്‍ കേളന്‍ പറയുന്നത് കാര്‍ഷിക സംസ്‌ക്കാരമാണ്. ദൈവത്തെ കണ്ടെത്തുകയും അത് നമ്മുടെതാക്കി തീര്‍ക്കുകയും നമ്മുടെതെല്ലാം നിവേദിക്കുകയും ചെയ്യുന്ന സങ്കല്‍പ്പം വളരെ മഹത്തരമാണ്.

സങ്കടം പറയുന്ന ഭക്തയോട് മറുപടി പറയാനാകാതെ പിടക്കോഴിയെ അറക്കാനും കുഞ്ഞുങ്ങളെ കൊല്ലാനും എന്തിനാ ബ്രഹ്മാവ് എന്നെ സൃഷ്ടിച്ചത് എന്ന് നിസ്സഹായതയോടെ ചോദിക്കുകയും മോക്ഷപ്രാപ്തി സമയത്ത് ഭക്തയെ ഏറ്റു കൊള്ളാം എന്ന് സമാധാനിപ്പിക്കുകയും ചെയ്യുന്ന ദൈവം സൃഷ്ടി പരമായി എത്ര ഉന്നതിയിലാണെന്ന് നാം മനസിലാക്കണം.

ആരോരുമില്ലാത്തവര്‍ക്ക് ആശ്വാസമായി വര്‍ത്തിക്കുന്ന കുണ്ടത്തിലച്ചിയും പറയുന്നത് നിങ്ങള്‍ ഇത്തരം കൂട്ടായ്മകളിലേക്ക് വരണം, തര്‍ക്കങ്ങള്‍ മാറ്റി നിര്‍ത്തണം, എല്ലാവരും സമന്മാരാകുകയും എല്ലാവരും തുല്ല്യരാകുകയും ചെയ്യണമെന്നുതന്നെയാണെന്നും രമേശന്‍ മാസ്റ്റര്‍ പറഞ്ഞു.

എം. ജയരാജ് അധ്യക്ഷനായി. സെക്രട്ടറി അനൂപ്, പ്രസിഡന്റ് ഷൈജു സംസാരിച്ചു. പി.ബാബു സ്വാഗതവും എം. പ്രദീപന്‍ നന്ദിയും പറഞ്ഞു.

കളിയാട്ടത്തോടനുബന്ധിച്ച് ശനിയാഴ്ച്ച സന്ധ്യയോടെ ഇളംങ്കോലം, കാഴ്ച്ച വരവ്, ഞായര്‍ പുലര്‍ച്ചെ ഗുളികന്‍, വിഷ്ണു മൂര്‍ത്തി, വലിയ തമ്പുരാട്ടി നാഗേനിയമ്മ തെയ്യങ്ങളും കെട്ടിയാടും. കൂടിയാട്ടത്തോടെ വൈകിട്ട് കളിയാട്ടത്തിന് സമാപനമാകും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!