തളിപ്പറമ്പിലെ റബ് മാര്‍ക്‌സ് പ്രധാന ഓഫിസും ഫാക്ടറിയും ജപ്തി ചെയ്തു

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി (റബ് മാര്‍ക്‌സ്) പ്രധാന ഓഫിസും ഫാക്ടറിയും ജപ്തി ചെയ്തു. കേരള സംസ്ഥാന ബാങ്ക് തളിപ്പറമ്പ് ശാഖ (പഴയ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്) മന്നയിലെ പ്രധാന ഓഫീസും 33 സെന്റ് സ്ഥലവുംവിളക്കന്നൂരിലെ ലാറ്റക്‌സ് ഫാക്ടറിയും ഉള്‍പ്പെട ആറ് ഏക്കര്‍ സ്ഥലവുമാണ് ഇന്നലെ വൈകുന്നേരത്തോടെ ജപ്തി ചെയ്തത്.

1993 2003 കാലഘട്ടത്തില്‍ സൊസൈറ്റി ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വാങ്ങിയ 2.5 കോടി രൂപയുടെ പലിശയും കൂട്ടു പലിശയും ചേര്‍ത്ത് 7, 26, 10,366 രൂപയായിരുന്നു. ഇതോടൊപ്പം വായ്പ്പാ തുക 2.5 കോടി രൂപയും ഉള്‍പ്പെടെ 9 കോടി 76 ലക്ഷത്തിലേറെ രൂപ ഈടാക്കാനാണ് ജപ്തി.

വായ്പ്പാ കുടിശികയുടെ പേരില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. 2016 ഡിസംബര്‍ 29 ന് തലശേരി സി.ജെ.എം കോടതിയാണ് സ്ഥലം ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ് കോടതി നിയോഗിച്ച കമ്മീഷന്‍ കെ.കെ.ഉഷയുടെ നേതൃത്വത്തില്‍ ജപ്തി നടപടി നടന്നത്. ഏറെനാളായി ഇത് സംബന്ധിച്ച് കേസ് നടന്നു വരികയാണ്. യു.ഡി.എഫാണ് ഇപ്പോള്‍ സൊസൈറ്റി ഭരിക്കുന്നത്. ആകെയുള്ള എട്ട് സീറ്റിലും യു.ഡി.എഫ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിലെ കൊയ്യം ജനാര്‍ദ്ദനന്‍ പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകര വൈസ് പ്രസിഡന്റുമാണ്. ചിറവക്കിലും സൊസൈറ്റിക്ക് സ്ഥലമുണ്ട്. ഒരു മാസത്തിനകം വായ്പാ കുടിശിക തുക അടക്കാത്ത പക്ഷം സ്ഥലം ലേലം ചെയ്ത് പണം ഈടാക്കും.

ഒരു കാലഘട്ടത്തില്‍ കേരളത്തിലെ റബ്ബര്‍ വിപണിയെ തന്നെ നിയന്ത്രിച്ച സ്ഥാപനമാണ് 1965 ല്‍ സ്ഥാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സഹകരണ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി. 2003 വരെ 25 വര്‍ഷക്കാലം സൊസൈറ്റി പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ടി.ജോസിന്റെ കാലത്താണ് ജപ്തിക്ക് ആധാരമായ വായ്പ വാങ്ങിയത്.

മുതലും പലിശയും ഉള്‍പ്പെടെ 4 കോടി രൂപ നിലനില്‍ക്കെ സൊസൈറ്റി 2.60 കോടി രൂപ ബാങ്കില്‍ അടച്ചിരുന്നു. അതിന് ശേഷമാണ് വന്‍തുകയുടെ പലിശ സഹിതം തുക ഇത്രയേറെ ഉയര്‍ന്നതെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് വടകര പറഞ്ഞു.

നിലവില്‍ 3465 അംഗങ്ങളുള്ള സൊസൈറ്റി 2003 മുതല്‍ 2008 വരെ എല്‍ഡിഎഫാണ് ഭരിച്ചത്. പിന്നീടാണ് ഇന്നത്തെ ഭരണ സമിതി ചുമതലയേറ്റത്. 38 ജീവനക്കാരുണ്ടായിരുന്ന സൊസൈറ്റിയില്‍ ഇപ്പോള്‍ 8 പേരാണുള്ളത്.

ഇരുപതിലേറെ പേര്‍ യാതൊരു ആനുകുല്യങ്ങളും ശമ്പളവും കിട്ടാതെയാണ് വിരമിച്ചത്. ഇപ്പോള്‍ ഉള്ള ജീവനക്കാര്‍ക്കും വര്‍ഷങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ചിറവക്കിലെ സ്ഥലം വില്‍പ്പന നടത്താനുള്ള ശ്രമം വാടകക്ക് കെട്ടിടം വാങ്ങിയവര്‍ ഒഴിയാത്തതിനാല്‍ ഇതേ വരെ നടന്നിട്ടില്ല.

അതിനിടയിലാണ് ഇപ്പോള്‍ ജപ്തി നടപടികള്‍ വന്നിരിക്കുന്നത്. സൊസൈറ്റി ബോര്‍ഡ് നാളെ യോഗം ചേര്‍ന്ന് ഭാവി നടപടികള്‍ തീരുമാനിക്കുമെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് വടകര പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!