മഴക്കാലം പനിക്കാലം ; ജാഗ്രത വേണം

മഴക്കാലം സുന്ദരവും സുഖകരവുമാണെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖകരമായി മാറുമെന്നാണ് അനുഭവങ്ങള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഏറെ സാധ്യതയുള്ളത് ഈ കാലത്താണ്. വൃത്തികുറയുന്നത് അസുഖത്തെ വിളിച്ചുവരുത്തുമെന്നതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണിത്. ഡെങ്കിപ്പനി, തക്കാളിപ്പനി, ചിക്കുന്‍ഗുനിയ, വൈറല്‍ പനി തുടങ്ങിയവ ജില്ലയില്‍ പലയിടത്തും പടരുന്ന സാഹചര്യത്തില്‍ വ്യക്തിശുചിത്വം പാലിക്കുന്നതാണ് രോഗത്തില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള ഏകവഴി. ഇത്തവണ കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പനുസരിച്ച് അതിശക്തമായ മഴയും കാറ്റും അടുത്തദിവസങ്ങളിലും തുടരുന്നതിനാല്‍ കുടിവെള്ളം മലിനപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. മഴക്കാലം അസുഖമുക്തമാക്കാന്‍ എളുപ്പം പാലിക്കാവുന്ന ചില മാര്‍ഗങ്ങള്‍ ചുവടെ പറയുന്നു.

മലിനജലത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക

മഴക്കാലമാകുന്നതോടെ കെട്ടിക്കിടക്കുന്ന മലിനജലവും ഓടപൊട്ടിയെത്തുന്ന മലിനജലവും പതിവ് കാഴ്ചയാണ്. ഇതൊക്കെ ജലത്തില്‍നിന്നു രോഗം പകരുന്നതിനു കാരണമാകും. ഡയേറിയ, കോളറ, ഫംഗസ് അസുഖങ്ങള്‍ തുടങ്ങിയവ മലിനജലത്തിലൂടെയാണ് പകരുന്നത്. ചെരുപ്പുകളും മറ്റും ഉപയോഗ ശേഷം വൃത്തിയായി സൂക്ഷിക്കുക. ഉപയോഗിച്ച ശേഷം ഷൂസുകളിലും മറ്റും ന്യൂസ്‌പേപ്പറുകള്‍ തിരുകികയറ്റി വയ്ക്കുന്നത് ഈര്‍പ്പം പോകാനും ദുര്‍ഗന്ധം അകലാനും സഹായിക്കും. മഴക്കാലത്ത് റബര്‍ ഷൂസുകളും ഒരു പരിധിവരെ സംരക്ഷണമൊരുക്കും.

കൊതുകുകളെ തുരത്താം

മണ്‍സൂണ്‍ കാലം കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകള്‍ പെരുകും. വീട് വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാന്‍ അത്യന്താപേക്ഷിതമായി വേണ്ടത്. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. കഴുകാനുള്ള വസ്ത്രങ്ങള്‍ അടപ്പുള്ള ബക്കറ്റുകളിലോ മറ്റോ സൂക്ഷിക്കുക. ഫല്‍വര്‍ പോട്ട് പോലെ കെട്ടിക്കിടക്കുന്ന വെള്ളമുള്ളവ വൃത്തിയായി ഈ സീസണ്‍ കഴിയും വരെയെങ്കിലും അടച്ചുസൂക്ഷിക്കുക. വീട്ടിലും പുറത്തും കൊതുകുകടി ഏല്‍ക്കാതിരിക്കുക. കൊതുകുവല ഉപയോഗിക്കുക.

വെറുംകൈയോടെ മുഖം തൊട്ടാല്‍ പണികിട്ടും
ജലദോഷമുണ്ടാക്കുന്ന വൈറസുകള്‍ ഉള്‍പ്പെടെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവയിലൂടെയാണ് നമ്മിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് വെറും കൈകളുപയോഗിച്ച് ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. വിയര്‍പ്പ് തുടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഒരു തൂവാല കരുതുകതന്നെ വേണം.

കൈ കഴുകുക

ഏതു രോഗമായാലും അതു പകരാന്‍ കൂടുതല്‍ സാധ്യത കൈകളിലൂടെയാണ്. കൈകള്‍ വൃത്തിയായി കഴുകുന്നതോടെ ഭൂരിഭാഗം രോഗങ്ങളില്‍ നിന്നു രക്ഷനേടാം. അസുഖമുള്ളവര്‍ സ്പര്‍ശിച്ചിടത്ത് നമ്മളും സ്പര്‍ശിക്കുമ്പോഴാണ് രോഗാണുക്കള്‍ കൈകളിലേക്കെത്തുന്നത്. സാധിക്കുമ്പോഴൊക്കെ കൈകള്‍ സോപ്പിട്ട് കഴുകുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി.

തെരുവോര ഭക്ഷണം കരുതലോടെ

തെരുവോരങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സൂക്ഷിക്കേണ്ട സമയമാണിത്. തുറസായ സ്ഥലങ്ങളില്‍ പാചകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ വായു, ജല മലിനീകരണം മൂലം അസുഖവാഹകരാകുന്നുണ്ട്. ബാക്ടീരിയ ഇവിടെ രോഗഹേതുവാകുന്നു. എപ്പോഴും നല്ലത് ശുദ്ധവും വീട്ടിലുണ്ടാക്കുന്നതുമായ ആഹാര സാധനങ്ങള്‍ തന്നെയാണ്.
പനി

You can like this post!

You may also like!