സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് പൊതുപ്രവര്‍ത്തകരായ സ്ത്രീകളുടെ മനോവീര്യം തകര്‍ക്കാനുള്ള നീക്കം ഇനി നടക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്-

Report–കരിമ്പം.കെ.പി.രാജീവന്‍-

തളിപ്പറമ്പ്: പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് മനോവീര്യം തകര്‍ക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്കും ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല, അതിനുവേണ്ടി ഏതറ്റം വരെയും പോരാടും.

മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് നഗരസഭാ ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സനുമായ രജനി രമാനന്ദിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി മാറി.

തൃച്ചംബരം വാര്‍ഡിന്റെ തീരാതലവേദനയായ ഇലത്താളം വയലിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ ഒരു വിഭാഗം സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം അഴിച്ചുവിട്ടതിന് മുന്നില്‍ ചൂളിപ്പോകാതെ സധൈര്യം മുന്നോട്ടുനീങ്ങി പൊതുരംഗത്തെ വനിതകള്‍ക്ക് മാതൃകയായി മാറിയ രജനി രമാനന്ദ് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് വൈറലായി മാറിയത്.

രജനി രമാനന്ദിന്റെ കുറിപ്പ് ഇങ്ങനെ—ഇത്രയും കാലത്തെ രാഷ്ട്രീയ-പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഏറ്റവും മാനസിക വിഷമം നേരിട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ കടന്നു പോയത്. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ നുണ പ്രചാരണങ്ങളാണ് അതിന് കാരണം.

അപ്പോഴും എന്റെ കുടുംബവും വാര്‍ഡിലെ എന്റെ പ്രിയപ്പെട്ട ജനങ്ങളും പൊതുസമൂഹവും തളിപ്പറമ്പ് നഗരസഭയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യെയുള്ള എന്റെ സഹപ്രവര്‍ത്തകരും, എന്റെ പാര്‍ട്ടി നേതൃത്വവും വലിയ പിന്തുണയാണ് അത്തരം നുണപ്രചാരണങ്ങള്‍ക്കെതിരെ എനിക്ക് നല്‍കിയത്.

തൃച്ചംബരം ഇലത്താളം വയലിലെ വെള്ളക്കെട്ട് പ്രശ്‌നത്തിന് മൂന്നു പതിറ്റാണ്ടോളം പഴക്കമുണ്ട്.

ഇത്തവണ തൃച്ചംബരം വാര്‍ഡില്‍ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ആ പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടലും നടത്തി വരുന്നുണ്ട്.

അതിന് ശാശ്വത പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ റോഡ് പ്രവൃത്തിയും ഓവുചാല്‍ പ്രവൃത്തിയും നടത്തി വരുന്നത്.

അത് കക്ഷി രാഷ്ട്രീയ ഭേദമന്യെ റസിഡന്‍സ് അസോസിയേഷന്‍ അടക്കമുള്ള എല്ലാ നാട്ടുകാരുടെയും പിന്തുണയോടെയാണ് നടത്തി വരുന്നത്.

അതിനിടെയാണ് സാമൂഹ്യ വിരുദ്ധരായ ചിലര്‍ അനാവശ്യമായി എന്നെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച് പൊതുസമൂഹത്തില്‍ എനിക്ക് അപകീര്‍ത്തിയുണ്ടാക്കാനായി നുണപ്രചാരണം നടത്തിയത്.

ചിലര്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇത് നുണയാണെന്ന് തിരിച്ചറിഞ്ഞ് നേരത്തെ അബദ്ധത്തില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത പലരും പിന്നീട് അത് പിന്‍വലിച്ചതായും കണ്ടു.

എങ്കിലും നുണക്കഥ പറഞ്ഞ എന്നെ പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം എന്ന തീരുമാനം മനസിലുണ്ടായിരുന്നു.

അതിന് കാരണം മറ്റൊന്നുമല്ല, പൊതുപ്രവര്‍ത്തനം നടത്തുന്നവരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് അവരുടെ മനോവീര്യം തകര്‍ക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്.

അത്തരമാളുകള്‍ നുണ പ്രചരിപ്പിക്കാന്‍ ഇനി ശ്രമിക്കുമ്പോള്‍ അവര്‍ക്കൊരു താക്കീതാവണം ഈ നിയമ നടപടി എന്നുള്ളതിനാലാണ്.

മറ്റൊന്ന്, ഞാന്‍ ഒരു സ്ത്രീയായതിന്റെ പേരില്‍ എന്തു പറഞ്ഞാലും പ്രതികരിക്കില്ലെന്ന മൗഢ്യ ധാരണ അവര്‍ക്കുണ്ടായിരുന്നിരിക്കണം.

അത് തിരുത്തുകയെന്നതും ഈ നിയമ നടപടിയുടെ ലക്ഷ്യമാണ്. ഇനി ഒരു സ്ത്രീക്കെതിരെയും നുണപ്രചാരണം നടത്താന്‍ ഈ സാമൂഹ്യ വിരുദ്ധര്‍ക്ക് തോന്നലുണ്ടാകരുത്.

കാരണം പൊതുപ്രവര്‍ത്തന രംഗവും ഈ ലോകവും സ്ത്രീകളുടേത് കൂടിയാണ്.

കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു.

ഇക്കാര്യത്തില്‍ പോലീസും തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അടക്കമുള്ള സഹപ്രവര്‍ത്തകരും തളിപ്പറമ്പിലെ മാധ്യമസമൂഹവും എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്.

വ്യാജ പോസ്റ്റര്‍ തയ്യാറാക്കിയുള്ള നുണപ്രചാരണം പൊതുസമൂഹത്തിന് മുമ്പില്‍ തുറന്ന് കാണിക്കാന്‍ കരുത്തായി ഒപ്പമുണ്ടായിരുന്നത് ഇവിടെ നിയമ സംവിധാനവും മാധ്യമങ്ങളും തന്നെയാണ്.

ഈ അവസരത്തില്‍ ഒപ്പം നിന്ന എല്ലാ പത്ര-ദൃശ്യമാധ്യമ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!