രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

തളിപ്പറമ്പ്: തീയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലിസില്‍ പരാതി. പരസ്യചിത്ര സംവിധായകനും നടനും മാധ്യമപ്രവര്‍ത്തകനുമായ റിയാസ് കെ.എം.ആറാണ് പൊലിസില്‍ പരാതി നല്‍കിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമെന്നാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള അരങ്ങ് കുടിയായി സിനിമയെ വിലയിരുത്തുന്നവരുണ്ട്.
അതിനിടെയാണ് സിനിമയുടെ റിലീസിംഗ് ദിനം തന്നെ അതിന്റെ വ്യാജപ്പതിപ്പുകള്‍ ഇന്റര്‍നെറ്റിലെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് കേരളത്തിലും വാട്‌സ് ആപ്പ് വഴി ഇതിന്റെ ലിങ്കുകള്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട റിയാസ് കെ.എം.ആര്‍ ഉച്ചയോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ കെ.കെ. പ്രശോഭിന് പരാതി നല്‍കിയത്. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്. തമിള്‍ റോക്കേര്‍സ് എന്ന വെബ്‌സൈറ്റില്‍ നിന്നുള്ള ലിങ്കാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. സിനിമാ ഗ്രൂപ്പുകളിലടക്കം ഇത് ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. നേരത്തെ തമിഴ്‌നാട്ടിലടക്കം റിലീസിംഗ് ദിവസം തന്നെ രജനീകാന്തിന്റെ കാലയുടെ വ്യാജപ്പതിപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ഈ സംഭവത്തില്‍ പൊലീസിന് മുമ്പില്‍ പരാതി ലഭിക്കുന്നത്. പരാതി റജിസ്റ്റര്‍ ചെയ്ത് കേസെടുത്ത തളിപ്പറമ്പ് പൊലീസ് പരാതി സൈബര്‍ സെല്ലിന് കൈമാറി.

You can like this post!

You may also like!