കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തയ്യാറാക്കിയ രമണീയം രാമായണം

(കര്‍ക്കടകം-രാമായണത്തിന്റെ മാസം–രാമായണത്തിന്റെ ദിവസ വിശേഷങ്ങള്‍ ഇനി നിത്യവും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വായനക്കാര്‍ക്കായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആര്‍ഷ സംസ്‌ക്കാര ഭാരതി സംസ്ഥാന പ്രസിഡന്റും പ്രമുഖ ആധ്യാത്മിക പ്രഭാഷകനും അധ്യാപകനുമായ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തയ്യാറാക്കിയ രമണീയം രാമായണം)

കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍
നാറാത്ത്

        ഒരു സാധാരണ കാട്ടാള സ്ത്രീയാണ് ശബരി. യാതോരു വിദ്യാഭ്യാസവുമില്ല. അതു കൊണ്ടു തന്നെ ആരും തന്നെ അവളെ ഗൗനിച്ചതുമില്ല. ഒരു ആശ്രമത്തിലും പ്രവേശനവും നല്‍കിയില്ല. പക്ഷെ അവര്‍ രാത്രിയുടെ യാമങ്ങളില്‍ ആരും കാണാതെ ആശ്രമങ്ങള്‍ക്കു പൂജാദി ക്രിയകള്‍ക്കു വേണ്ട പൂക്കളും പഴങ്ങളും വിറകുകളും ശേഖരിച്ചു കൊണ്ടു വെക്കും.

ഏതോ ജന്മപുണ്യ സുകൃതമാവാമീ സല്‍കര്‍മ്മം. ഒരു ദിനം മാതംഗ മുനി ഇതു കാണുകയും ആശ്രമത്തില്‍ അന്തേവാസിയാക്കുകയും ചെയ്തു.

മുക്തിക്ക് ഭക്തിയല്ലാതെ വഴിയില്ലെന്ന് ശബരിജീവിതം കൊണ്ട് കാണിച്ചു തരികയാണ്. പമ്പയുടെ വടക്ക് പടിഞ്ഞാറെ ചെരുവിലാണ് ശബരിയുടെ ആശ്രമം.ഒരു ദിനം നരനാരായണന്മാര്‍ക്ക് സമം രണ്ട് പുരുഷ വിഗ്രഹങ്ങള്‍ ശബരിയെ തേടിയെത്തി. രാമലക്ഷ്മണന്മാരെ കണ്ട ആ പരമഭക്തക്ക് അനേക വര്‍ഷത്തെ കാത്തിരിപ്പിന്റെ പുണ്യത കൈവന്നു.

അഹല്യയും, ശരഭംഗനും, ജടായുവും, ശബരിയും, സ്വയംപ്രഭയും തുടങ്ങി എല്ലാവരും അനശ്വരങ്ങളും ശ്രേഷ്ഠങ്ങളുമായ പുണ്യ ലോകങ്ങള്‍ പൂകാന്‍ രാമനെ കാത്തിരിക്കുകയാണ്.

ഈശ്വരപ്രാപ്തിക്കു ജാതിഭേദങ്ങളില്ലെന്നും, സംസാരനിവൃത്തിയും;ഭക്തിയും മതിയെന്നും ആ കാട്ടാള സ്ത്രീയിലൂടെ ഋഷി കാണിച്ചു തരികയാണ്.

രാമനെ വേണ്ട വിധം ഉചരിച്ച് വേണ്ട അനുഗ്രഹങ്ങളെല്ലാം വാങ്ങി ,
ഗുണനിധിയവള്‍ സ്വയമഗ്‌നിയില്‍ ആഹുതി ചെയ്ത് ശ്രേഷ്ഠ ലോകങ്ങള്‍ പൂകി. ആരണ്യകാണ്ഡം കഴിഞ്ഞു.

എനി വാനര സാമ്രാജ്യ കഥ പറയുന്ന കിഷ്‌കിന്ധാകാണ്ഡത്തിലേക്ക്. പമ്പാ സരസ്തടത്തിന്റെ കമനീയ ഭംഗി, രാമനെ വിരഹ മോഹിതനാക്കി. വനവാസിയായ ഋഷിക്ക് കാടിനെ എത്ര വര്‍ണിച്ചാലും മതിയാകില്ല.

നിതാന്ത ശാന്തമായ തപോവനങ്ങളാണ് ഭാരതത്തിന്റെ ആധ്യാത്മിക വിദ്യാലയം.ഋശ്യ മൂകാ ചലത്തില്‍ നിന്നും സുഗ്രീവന്‍, രാമലക്ഷ്മണന്മാരെ കണ്ട് പേടിച്ചരണ്ടു .

സത്യമറിയാനായി മാരുതി ഒരു സന്യാസ വേഷത്തില്‍ രാമസ വിധത്തിലെത്തി. ഭാഷയുടെ സര്‍വ്വ സൗന്ദര്യവും ചേര്‍ത്ത ഹനുമാന്റെ ഭാഷണം രാഘവന് നന്നേ ബോധിച്ചു.

മദ്ധ്യസ്വരത്തില്‍ – തടസ്സമോ, വെമ്പല്ലോ ഇല്ലാതെ, സ്ഫുടമായി പറഞ്ഞത് വേദങ്ങളും, വ്യാകരണങ്ങളും പഠിച്ചവന്റെ സംസ്‌കാരതെളിവ്.

സുഗ്രീവനുമായി രാമന്‍ സഖ്യം ചെയ്തു.ബാലി ഭയം ഇല്ലാതാക്കാമെന്ന് രാമനും, സീതയെ കണ്ടെത്താമെന്ന് സുഗ്രീവനും സത്യം ചെയ്യുന്നു.

ബാലി സുഗ്രീവ വൈരകഥ പറയുന്നതോടെ കിഷ്‌കിന്ധാ കാണ്ഡത്തിനു അല്പ വിരാമം.നാളെ കര്‍ക്കിടകം പിറന്ന് പതിനഞ്ച് നാളാകും.
ചില നാളുകള്‍ക്ക് കോളുമുണ്ടാകും. ആ കോളില്‍ ബാലീ വധവും നടക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!