രമണീയം രാമായണം-കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍

(കര്‍ക്കടകം-രാമായണത്തിന്റെ മാസം–രാമായണത്തിന്റെ ദിവസ വിശേഷങ്ങള്‍ ഇനി നിത്യവും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വായനക്കാര്‍ക്കായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആര്‍ഷ സംസ്‌ക്കാര ഭാരതി സംസ്ഥാന പ്രസിഡന്റും പ്രമുഖ ആധ്യാത്മിക പ്രഭാഷകനും അധ്യാപകനുമായ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തയ്യാറാക്കിയ രമണീയം രാമായണം)

കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍
നാറാത്ത്

——-തെക്കോട്ട് പുറപ്പെട്ടത് തിരയിളകും പോലെ വാനര വീരന്മാരുടെ ഒരു നിര തന്നെയാണ്.അംഗദന്‍, ഹനുമാന്‍, ജാംബവാന്‍, താരന്‍, ഗജന്‍, ഗവാക്ഷന്‍, ഗവയന്‍, ശരഭന്‍ ,ഗന്ധമാദനന്‍, മൈന്ദന്‍ … ഇങ്ങിനെ പോകുന്നു നിര.

ദാഹവും വിശപ്പും കൂടി വരികയാണ്. സമീപത്തെ ഒരു ഗുഹാമുഖത്തു നിന്നും അരയന്നങ്ങളും, ചക്രവാകികളും പറന്നു പോകുന്നതു കണ്ടു. ഋക്ഷ ബലം എന്ന് പേരുകേട്ട ആ ഗുഹാ മുഖം ദാനവരുടെ സംരക്ഷണത്തിലാണ്.

അകത്ത് ഭയങ്കര ഇരുട്ട്, കൈകോര്‍ത്തും, തപ്പി തടഞ്ഞും, അലഞ്ഞു തിരഞ്ഞും ഒടുവില്‍ എല്ലാവരും അകത്തെത്തി.

കാഴ്ച കമനീയം. സ്വര്‍ഗം ഇറങ്ങി വന്നതുപോലെ. മയന്‍ എന്ന ശില്പി പണിത മായാലോകം.അവിട കാവലായി ഒരു തപസ്വിനിയുണ്ട്, പേര് സ്വയം പ്രഭ. രാമകാര്യത്തിനു പോകുന്നവര്‍ക്ക് വിശപ്പും ദാഹവും മാറ്റാന്‍ ഒരു നിയോഗമായവള്‍ കാത്തു നില്‍ക്കുകയാണ്.

സ്വയം പ്രഭയുടെ സല്‍ക്കാര സൗഖ്യം അനുഭവിച്ച് കണ്ണടച്ച് തുറക്കും മുമ്പേ എല്ലാവരും ഗുഹയില്‍ നിന്ന് പുറത്തെത്തിക്കഴിഞ്ഞു. സുഗ്രീവന്‍ നല്‍കിയ അവധി കഴിയുകയാണ്.

ഒരു പെരും കഴുക് വാപിളര്‍ന്ന് വഴിയില്‍ കിടക്കുന്നു. ആരിത് .ചിറകുകള്‍ വെന്ത് പറക്കാനാവാതെ രാമദൂതരുടെ വരവും കാത്ത് കിടക്കുന്ന സമ്പാതി. അനേക കാലമായിങ്ങനെ കിടക്കുന്നു .

അന്നം തേടാതെ ,ആചാര വിധികളില്ലാതെ, അര്‍ഘ്യ പൂജാദികളില്ലാതെ ചെയ്യുന്ന രാമപൂജ.സൂര്യനിലേക്ക് പറന്ന് പറന്ന്, ഒടുവില്‍ സൂര്യവംശത്തില്‍ പിറന്നവനെ കാത്ത് കാത്ത്കിടക്കുകയാണ്.

അനുജനോടൊപ്പം സൂര്യനിലേക്ക് പറന്നപ്പോള്‍ അവനെ രക്ഷിക്കാന്‍ വേണ്ട് ചിറകുകള്‍ കരിഞ്ഞ് വീണത് നിശാകര മുനിയുടെ മുറ്റത്ത്. സീതാന്വേഷണത്തിനു വരുന്ന വാനരന്മാര്‍ക്ക് വഴി ചൊല്ലിക്കൊടുത്താല്‍ ചിറകു മുളക്കുമെന്ന് മുനിവരം.

കാല്‍ചുവട്ടില്‍ സര്‍വ്വവും മോഹിക്കുന്ന സാധാരണക്കാരനും, ദേശ കാലങ്ങള്‍ക്കപ്പുറത്തെക്ക് ചിന്തകളെ വ്യാപരിക്കുന്ന ജ്ഞാനികളും ഒരുപോലെയല്ല. ഗരുഡന് ദൃഷ്ടി പഥങ്ങള്‍ക്ക് അപ്പുറമാണ് വിധാതാവ് ഇരകല്‍പിച്ചതെങ്കില്‍, കോഴികള്‍ക്ക് അത് കാല്‍ ചുവട്ടിലാണെന്നു മാത്രം.

അനുജന്‍ ജടായുവിന്റെ ചിറകറ്റിടത്ത് സീത മറഞ്ഞപ്പോള്‍, ജേഷ്ഠന്‍ സമ്പാതിക്ക് ചിറകു മുളക്കുന്നിടത്ത് വഴി തെളിയുകയും ചെയ്യുന്നു. രണ്ടും രാമ കാര്യത്തിനു വേണ്ടിയാണെന്നു മാത്രം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!