രമണീയം രാമായണം, കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, നാറാത്ത്

(കര്‍ക്കടകം-രാമായണത്തിന്റെ മാസം–രാമായണത്തിന്റെ ദിവസ വിശേഷങ്ങള്‍ ഇനി നിത്യവും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വായനക്കാര്‍ക്കായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആര്‍ഷ സംസ്‌ക്കാര ഭാരതി സംസ്ഥാന പ്രസിഡന്റും പ്രമുഖ ആധ്യാത്മിക പ്രഭാഷകനും അധ്യാപകനുമായ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തയ്യാറാക്കിയ രമണീയം രാമായണം)

കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍
നാറാത്ത്

രമണീയം രാമായണം—-

സമ്പാദിക്ക് ചിറകു മുളച്ചു. യൗവ്വന കാലത്തേതു പോലെ ബല പുരുഷങ്ങൾ വീണ്ടു കിട്ടി. ജ്ഞാന വൈരാഗ്യങ്ങളാകുന്ന ചിറകുകളോടെ അവൻ അനന്തതയിലേക്ക് പറന്നു പോയി.

സിംഹ പരാക്രമികളായ വാനരന്മാർ ആർത്തലച്ച് കടൽ തീരത്തെത്തി.അനന്തമായസമുദ്രം. എനി എന്തു ചെയ്യും. കടൽ ചാടാൻ കഴിവുള്ളവർ പറയട്ടെ. അംഗദൻ്റെ ഉത്തരവായി.

പത്തുയോജനയെന്നായി ഗജൻ. തുടർന്നുള്ള ഗവാക്ഷൻ, ശരഭൻ ,ഋഷഭൻ ,ഗന്ധമാദനൻ, മൈന്ദൻ, ദ്വിവിദൻ, സുഷേണൻ, ജാംബവാൻ എന്നിങ്ങനെ തൊണ്ണൂറു വരെയെത്തി. ഒടുവിൽ അംഗദൻ നൂറു വരെയായി.

അകലെ മിണ്ടാതിരിക്കുകയാണ് ഹനുമാൻ. ജാംബവാൻ മഹാ കൃത്യനിർവ്വഹണത്തിനു ആഞ്ജനേയൻ്റെ പ്രാണശക്തിയെ ആവാഹിച്ചു.ചുറ്റിലും കൂടിയ വാനരർ ആർപ്പുവിളിച്ചു.

മാരുതി മലയോളം വലുതായി മഹേന്ദ്രഗിരിയിൽ എത്തി.മഹാസമുദ്രങ്ങളെ ചാടുവാൻ അനുഗ്രഹത്തിനായി സർവ്വ ദേവതകളേയും നമിച്ച് സർവ്വ ശക്തിയും തന്നിൽ ആവേശിപ്പിച്ച് ഗരുഡ വേഗത്തിൽ
ദശവദന പുരിയിൽ
നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണ ദിക്കു,
മാലോക്യ ചാടിനാൻ
കാടിനു വിട. ഇവിടെ മനുഷ്യപ്രകൃതിയും വിശ്വ പ്രകൃതിയും ഒരേ സത്യത്തിൻ്റെ രണ്ട് ഭാവങ്ങളാണെന്ന ഭാരതീയ സങ്കല്പം കാലാതിവർത്തിയായ് നിലകൊള്ളുന്നു. കാടും, കടലും, മലയും, മരവും, മൃഗവും, പക്ഷിയും ഒരേ ചൈതന്യത്തിൻ്റെ ഭിന്ന ഭാവങ്ങളുമാവുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!