*രമണീയം രാമായണം* ദണ്ഡകാരണ്യം വലിയ പാഠശാലയാണ്. ഇഴകീറി പഠിക്കാന്‍ പ്രകൃതി ഒരുക്കിയ മഹാവിദ്യാലയം.

(കര്‍ക്കടകം-രാമായണത്തിന്റെ മാസം–രാമായണത്തിന്റെ ദിവസ വിശേഷങ്ങള്‍ ഇനി നിത്യവും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വായനക്കാര്‍ക്കായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആര്‍ഷ സംസ്‌ക്കാര ഭാരതി സംസ്ഥാന പ്രസിഡന്റും പ്രമുഖ ആധ്യാത്മിക പ്രഭാഷകനും അധ്യാപകനുമായ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തയ്യാറാക്കിയ രമണീയം രാമായണം)

കെ.എന്‍.രാധാകൃഷ്ണന്‍  മാസ്റ്റര്‍
നാറാത്ത്‌

     ബ്രഹ്മവിദ്യയാകുന്ന സീതാദേവിക്ക് തീവ്ര വൈരാഗിയായ ജടായുസ്സാണ് കാവല്‍ നില്‍ക്കുന്നത്.

ബ്രഹ്മവിദ്യയെ നഷ്ടപ്പെടുമ്പോള്‍ കാവലിന്റെ ചിറകുകള്‍ ജടായുവില്‍ നിന്ന് അറ്റു വീഴുകയും ചെയ്തു.

ബ്രഹ്മജ്ഞാനിക്ക് മോഹാങ്കുരമുണ്ടായാല്‍ അത് മായ പൊന്മാനിനു പിറകേ പോകുമെന്നും മറഞ്ഞിരിക്കുന്ന കാമത്തിന്റെ കൈകളിലകപ്പെടുമെന്നും നാം കണ്ടു കഴിഞ്ഞു.

തന്റെ അഭിമാനത്തില്‍ തറച്ച മുള്ളിനെ വിവേകത്തിനു പകരം വികാര പരമായി നേരിട്ടപ്പോള്‍ ലക്ഷ്മണനും, അന്ധമായ മമത കൊണ്ട് വിവേകം നഷ്ടപ്പെട്ടതിനു വൈദേഹിക്കും ജീവിതത്തിന് കനത്ത വില കൊടുക്കേണ്ടതായും വന്നു.

രാമജന്മത്തേ വിധിവേട്ടയാടി കൊണ്ടേയിരിക്കുകയാണ്. അഛന്‍ മരിച്ചു, അമ്മയെ വേര്‍പിരിഞ്ഞു, രാജ്യം നഷ്ടപ്പെട്ടു, പ്രിയപ്പെവരും ബന്ധുക്കളും നഷ്ടപ്പെട്ടു ,ഇപ്പോള്‍ പ്രിയ പത്‌നിയേയും കാണാതായി.

ഓരോവിധി നിഷേധങ്ങള്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. ഓരോ പിറവിക്കും ഓരോരോ ദൗത്യങ്ങളുണ്ടെന്നും അത് സാക്ഷാത്കരിക്കാതെ ജന്മസാഫല്യത്തിന് വേറെ വഴികളില്ലെന്നും ആരണ്യകാണ്ഡം പഠിപ്പിച്ചു തരുന്നു.

രാമന്‍ സൗമിത്രിയോടൊപ്പം ഉള്‍ക്കാട്ടിലെത്തി.ചെന്നുപെട്ടത് ഒരു ദുര്‍ഭൂതത്തിന്റെ മുമ്പില്‍ .

ഭോഗത്തിനു തലയില്ലാത്തതു പോലെ തലയില്ല, വയറില്‍ വലിയ വായ, കാലുകളില്ല, കൈകള്‍ യോജനയോളം നീളത്തില്‍, പോരാത്തതിനു നെഞ്ചില്‍ ഒരു കണ്ണും. പേര് കബന്ധന്‍.

പണ്ട് അഷ്ടാവക്ര ശാപവും, ഇന്ദന്റ പ്രഹരവും ചേര്‍ന്ന് കിട്ടിയതാണ് ഈ രൂപം. ആളൊരു സുന്ദരനായ ഗന്ധര്‍വ്വ നായിരുന്നു’ പേര് വിശ്വവസു. കബന്ധന് രാമനാല്‍ ദേഹ മുക്തി ലഭിച്ചു.

മൃതദേഹത്തിനു ലക്ഷ്മണന്‍ ചിത ഒരുക്കുകയും ചെയ്തു. ഗന്ധര്‍വ്വന് പഴയ രൂപം തിരിച്ചു കിട്ടി.ആകാശത്തിലുയര്‍ന്ന ഗന്ധര്‍വ്വന്‍, രാമന് സുഗ്രീവനെ പരിചയപ്പെടുത്തുന്നു.രാമാ, ലോകത്തില്‍ സന്ധി, വിഗ്രഹം, യാനം, ആസനം, ദൈധീഭാവം, സമാശ്രയം എന്നിങ്ങനെ ആറ് തത്ത്വങ്ങളുണ്ട്. അങ്ങ് ഇതില്‍ ആറാമത്തെ ‘സമാശ്രയം ‘ എന്ന തത്ത്വമനുസരിച്ച് സുഗ്രീവനെ ആശ്രയിക്കണം.

അദ്ദേഹവും രാജ്യവും, ഭാര്യയും നഷ്ടപ്പെട്ടയാളാണ്. നിങ്ങള്‍ രണ്ടു പേരും ഒരേ ദുഃഖമനുഭവിക്കുന്നവരുമാണ്.

ഋശ്യമൂകാചല യാത്രാമധ്യേ മാതംഗാശ്രമത്തിലെത്തി.ആരണ്യകാണ്ഡം ശബരീദര്‍ശനത്തോടെ പൂര്‍ണ്ണമാകുമ്പോള്‍, കിഷ്‌കിന്ധാകാണ്ഡത്തിനു അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!