പെണ്‍കുട്ടിയെ കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികനായുള്ള അന്വേഷണം ഊര്‍ജ്ജിതം-

തളിപ്പറമ്പ്: പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.

സി സി ടി വി ദൃശ്യങ്ങള്‍ കണ്ട് നിരവധിപേര്‍ പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയെങ്കിലും വ്യക്തമായ സൂചനകള്‍ ലഭിക്കാത്തതിനാല്‍ പോലീസ് ആരെയും ചോദ്യം ചെയ്തിട്ടില്ല.

ഇയാള്‍ ഓടിച്ചത് ഹീറോ ഹോണ്ട ഫോര്‍ ജി സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തളിപ്പറമ്പില്‍ ഇത്തരത്തില്‍ 3500 പേര്‍ ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്.

ഇവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. കട്ടിക്കണ്ണട ധരിച്ചയാളാണ് തന്നെ കയറിപ്പിടിച്ചതെന്ന് കുട്ടി പോലീസിന് മൊഴിനല്‍കിയതിനാല്‍ ഇന്നലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അവരെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ 13 നാണ് പാല്‍ വാങ്ങാന്‍ കടയിലേക്ക് പോകുകയായിരുന്ന 13 വയസുകാരിയായ പെണ്‍കുട്ടിയെ വഴി ചോദിച്ച സ്‌കൂട്ടര്‍ യാത്രികന്‍ കയറിപ്പിടിച്ചത്.

ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.

ചൊവ്വാഴ്ച്ച വൈകുന്നേരം 4.15ന് ഭ്രാന്തന്‍കുന്ന്- പാലകുളങ്ങര ക്ഷേത്രം റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്‌കൂട്ടറുമായി കടന്നു പോകുകയും ചെയ്തു.

എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി സി ടി വി കാമറകള്‍ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. പ്രതി ഏതാണ്ട് വലയിലായിക്കഴിഞ്ഞതായും സൂചനയുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!