പ്രശസ്ത സംവിധായകന്‍ ഷെറിയുടെ പുതിയ ജനകീയസിനിമയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

തളിപ്പറമ്പ്: ചിത്രീകരണ സ്ഥലത്തെ തദ്ദേശീയരായ ഗ്രാമീണരെ അഭിനേതാക്കളാക്കി പ്രശസ്ത സംവിധായകന്‍ ഷെറിയുടെ പുതിയ ജനകീയസിനിമയുടെ നിര്‍മ്മാണം ആരംഭിച്ചു. ആദിമധ്യാന്തം എന്ന ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അവാര്‍ഡ് നേട്ടം കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. ‘ക ഖ ഗ ഘ ങ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള ഗ്രാമങ്ങളിലാണ് നടക്കുന്നത്. 

തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചതും ഷെറിയാണ്. ഷെറിയുടെ രണ്ടാമത് ചിത്രം ‘ഗോഡ്സെ’ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ മനോജ് കാന നായകനാവുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ് .

പ്രശസ്ത നാടക നടന്‍ കോക്കോടന്‍ നാരായണനാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്. ബ്യാരി, ആദിമധ്യാന്തം തുടങ്ങി ദേശീയ അവാര്‍ഡ് നേടിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ജലീല്‍ ബാദുഷയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുനീഷ് വടക്കുമ്പാടന്‍, പ്രദീപ് പത്മനാഭന്‍ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം. റിയാസ് കെ.എം.ആര്‍ ആണ്
പ്രൊജക്ട് ഡിസൈനര്‍. സാദിഖ് നെല്ലിയോട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അര്‍ജുന്‍ സഹസംവിധാനവും ലതിക വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. സുനീഷാണ് ചമയം.

മലയാളത്തിലെ ഏറ്റവും ചെലവ്കുറഞ്ഞ സിനിമയായിരിക്കും ഇതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. സിനിമയോട് താല്‍പര്യമുള്ള സാധാരണക്കാരനും നിര്‍മ്മാതാവും സംവിധായകനുമാവാന്‍ സാധിക്കണം എന്ന കാഴ്ച്ചപ്പാടോടെയാണ് ഈ സിനിമയെന്ന് സംവിധായകന്‍ ഷെറി പറയുന്നു. സാധാരണക്കാരനും പ്രാപ്യമായ ജനകീയസിനിമകളാണ് ഇനി ഉണ്ടാവേണ്ടതെന്നും, കോടികളുടെ കിലുക്കമില്ലാതെ നല്ല സിനിമ ഇവിടെ നിര്‍മ്മിക്കപ്പെടുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ക ഖ ഗ ഘ ങ യുടെ ലക്ഷ്യം.

ഈ ജനകീയ സിനിമയുമായി സഹകരിക്കാനും സഹായിക്കാനും താത്പര്യമുള്ളവര്‍ക്ക് 8848673869, 7511101 258 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ ഒക്ടോബറില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

 

കെ.പി.ആര്‍

You can like this post!

You may also like!