പാതി വഴിയില്‍ പണി നിലച്ച് രാമേശ്വരത്തെ ക്ഷൗരം പോലെ സര്‍സയ്യിദ് കോളേജ് സുവര്‍ണ ജൂബിലി സ്മാരക ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍

തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങിയ സുവര്‍ണ ജൂബിലി സ്മാരക ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ എട്ട് മാസമായിട്ടും പൂര്‍ത്തിയായില്ല.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിര്‍മ്മാണം പാതിവഴിയിലായി നില്‍ക്കുകയാണ് സര്‍സയ്യിദ് കോളേജ് സുവര്‍ണ ജൂബിലി സ്മാരക വെയിറ്റിങ്ങ് ഷെല്‍ട്ടര്‍.

ആശുപത്രിക്ക് മുന്നിലെ വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റി രണ്ട് ബസ് ബേകള്‍ നിര്‍മ്മിച്ച് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് തന്നെ ശ്രമം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 35 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ ഡിസംബറില്‍ സര്‍സയ്യിദ് കോളേജ് ജംഗ്ഷന്‍ മുതല്‍ പഴയ എയറോസിസ് കോളേജ് വരെയുള്ള ഭാഗം റോഡ് ഇരട്ടിപ്പിക്കുകയും ചെയ്തിരുന്നു.

ബസ് ബേ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ജയിംസ്മാത്യു എം എല്‍എ പറയുകയും ചെയ്തു.

ഇവിടെ രണ്ട് ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ ആലുംനി അസോസിയേഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ചുനല്‍കാമെന്ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാനും സി ഡി എം ഇ എ ജന.സെക്രട്ടറിയുമായ അള്ളാംകുളം മഹമ്മൂദ് വാഗ്ദാനം ചെയ്യുകയും ചെയ്തു.

സര്‍സയ്യിദ് കോളേജിന്റെ സുവര്‍ണ ജൂബിലി സ്മാരകമായി ഇത് നിര്‍മ്മിക്കാനായിരുന്നു ധാരണ. പണി വളരെ വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ രണ്ട് വെയിറ്റിംഗ് ഷെല്‍ട്ടറുകളും എട്ട് മാസമായി പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്.

സാങ്കേതികമായി യാതൊരു തടസങ്ങളും നിര്‍മ്മാണ കാര്യത്തില്‍ ഇല്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.

മഴക്കാലം കഴിയാറായിട്ടും ഷെഡ് നിര്‍മ്മാണം രാമേശ്വരത്തെ ക്ഷൗരം പോലെ കിടക്കുന്നതിന്റെ കാരണം നിര്‍മ്മാണത്തിന് കച്ചകെട്ടിയിറങ്ങിയവര്‍ വ്യക്തമാക്കുന്നുമില്ല.

അതിനിടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുകയും ചെയ്തു.

ഇനി എപ്പൊഴാണാവോ ഷെല്‍ട്ടര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

അതുവരെ അലഞ്ഞുതിരിയുന്ന പട്ടികള്‍ക്കും പശുക്കള്‍ക്കും ആശ്വസിക്കാം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!