എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്ത് തളിപ്പറമ്പ് നഗരത്തില്‍ യുവാവിന്റെ പരാക്രമം

യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി

തളിപ്പറമ്പ്: എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്ത് തളിപ്പറമ്പ് നഗരത്തില്‍ പരാക്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി.

നഗരത്തിലെ ഇലക്ട്രീഷ്യനും കുറ്റ്യേരി സ്വദേശിയുമായ പുതിയ പുരയില്‍ രാകേഷ്(32)ആണ് ഇന്ന് പുലര്‍ച്ചെ തളിപ്പറമ്പ് നഗരത്തില്‍ ഭീതിപരത്തി പരാക്രമം നടത്തിയത്.

നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി.സുരേന്ദ്രന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കഴിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എ.ടി.എംകൗണ്ടറിലെത്തി മെഷീന്‍ അടിച്ചു തകര്‍ത്തത്.

കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു.

അരമണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ച രാകേഷിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വസ്ഥതയുള്ളതായി സംശയിക്കുന്നു. പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തിയിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!