പരിയാരം: റവന്യുഭൂമിയില്‍ നിന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തില്‍ പെട്ട രണ്ടു പേര് പരിയാരത്ത് അറസ്റ്റിലായി.
കുണ്ടപ്പാറ കോളനിയിലെ മടക്കുടിയന്‍ വീട്ടില്‍ പി.മണി (40), മുണ്ടമരം ഹൗസില്‍ രാജു ജോസഫ് (50) എന്നിവരെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ പി.ബാബുമോന് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് 1.45 നാണ് കടന്നപ്പള്ളിയില്‍ വെച്ച് ചന്ദനം മുറിക്കുന്നതിനിടയില്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടിയെങ്കിലും രാജു ജോസഫ് ഓടി രക്ഷപ്പെടുകയായിരുന്നു.
രാത്രി 10.20നാണ് പോലീസ് കുണ്ടപ്പാറ കോളനിയിലെ വീട്ടില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. പരിയാരം കടന്നപ്പള്ളി പഞ്ചായത്തുകളിലെ ആയിരത്തിലേറെ ഏക്കറുകളിലായുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് സ്ഥിരമായി ചന്ദനം മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
വര്‍ഷങ്ങളായി ചന്ദനമോഷണ രംഗത്തുള്ള ഇവര്‍ വീട്ടുവളപ്പുകളില്‍ നിന്നും ചന്ദനമരങ്ങള്‍ മോഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ നിരവധി മരങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു.
ഇവരുടെ കൂട്ടാളികളായ ചിലരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച് മുറിച്ച് കഷണങ്ങളാക്കിയ ചന്ദനമുട്ടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
