
നിലത്ത് ചുമരിന് ചുവട്ടിലായി നിരവധി പൊത്തുകൾ നിറഞ്ഞ അംഗനവാടിയുടെ മുറ്റത്തെ പൊത്തിൽ കയറി കൂടിയ വിഷപ്പാമ്പിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത് വലിയ ദുരന്തം ഒഴിവാക്കി.
2007 ൽ തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസിന് കീഴിൽ കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ പള്ളിവയലിൽ ആരംഭിച്ച അംഗൻവാടിയാണ് അറ്റകുറ്റപ്പണി പോലും നടത്താൻ പഞ്ചായത്ത് തയ്യാറാകാത്തതിനാൽ കാലപ്പഴക്കം കാരണം അപകടകരമായ വിധത്തിൽ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുന്നത്.
അംഗനവാടിയുടെ ക്ലാസ് മുറിയുടെ തറയിൽ നൂറുകണക്കിന് പൊത്തുകളാണ് കാണുന്നത്.
അംഗനവാടിയുടെ മുറ്റത്തെ പൊത്തിൽ നിന്നാണ് ശുചീകരണത്തിനിടയിൽ നാട്ടുകാർ വിഷപ്പാമ്പിനെ തല്ലിക്കൊന്നത്.

പൊത്തുകൾ നിറഞ്ഞ തറയിൽ തുണി വിരിച്ചാണ് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെ കിടത്തി ഉറക്കുന്നത്.
നിരവധി തവണ നാട്ടുകാർ അംഗൻവാടിയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പഞ്ചായത്തിനോടും ഐസിഡിഎസിനോടും ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
വയനാട് സംഭവം നടന്നതിന് ശേഷം നാട്ടുകാർ നടത്തിയ ശുചീകരണത്തിനിടയിലാണ് നിരവധി പൊത്തുകൾ കണ്ടതും പാമ്പിനെ തല്ലിക്കൊന്നതും.
തറയിലെ ഒട്ടുമിക്ക കുഴികളും അംഗൻവാടി ജീവനക്കാർ തന്നെ സിമന്റ് ഉപയോഗിച്ച് അടച്ചു കഴിഞ്ഞു.

ഇത് പരിഹരിക്കാത്ത പക്ഷം ഡിസംബർ രണ്ട് മുതൽ കുട്ടികളെ അംഗനവാടിയിലേക്ക് അയക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.
എന്നാൽ അംഗനവാടിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ടതായി കുറുമാത്തൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പഞ്ചായത്തിൽ ആകെയുള്ള 34 അംഗനവാടികൾക്കും സ്വന്തം കെട്ടിടവും വൈദ്യുതീകരണവും പൂർത്തിയായി.
പന്നിയൂർ പള്ളിവയൽ അംഗനവാടിയുടെ അറ്റകുറ്റപ്പണികളും മാർച്ച് 31നകം തീർക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
