ഓര്‍മ്മകളുടെ കടല്‍പ്പാലത്തില്‍ ഈ കടലും മറുകടലും കടന്ന് എസ് പി ബി-

REPORT——കരിമ്പം കെ. പി. രാജീവന്‍

        തമിഴിലും ഹിന്ദിയിലും ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും പാടിയ എസ്.പി.ബാലസുബ്രഹ്മണ്യം മലയാളത്തിലും ഓര്‍മ്മയില്‍ തങ്ങുന്ന നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.

കെ.ടി.മുഹമ്മദിന്റെ പ്രശസ്ത നാടകമായ കടല്‍പ്പാലം 1969 ല്‍ കെ.എസ്.സേതുമാധവന്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതിലെ ശ്രദ്ധേയമായ ഒരു ഗാനം( ഈ കടലും മറുകടലും)പാടിയത് എസ് പി ബിയായിരുന്നു.

വയലാര്‍ എഴുതി ജി.ദേവരാജന്‍ ഈണം പകര്‍ന്ന ആ ഗാനം ഇന്നും ഓള്‍ഡ് ഈസ് ഗോള്‍ഡായി തന്നെ നിലകൊള്ളുന്നു.

2018 ല്‍ എം.എ നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന ചിത്രത്തില്‍ യേശുദാസിനോടൊപ്പമാണ് ഇദ്ദേഹം അവസാനമായി മലയാളത്തില്‍(അയ്യാസാമി എന്ന ഗാനം) തമിഴ്പാട്ട് പാടിയത്.

ആകെ 73 മലയാള സിനിമകള്‍ക്കായി 118 പാട്ടുകളാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്.

ഇതില്‍ 19 അന്യഭാഷാ ഡബ്ബിംഗ് സിനിമകളും 54 മലയാള സിനിമകളുമാണുള്ളത്.

കടല്‍പാലത്തിന് ശേഷം ശ്രീകുമാരന്‍തമ്പി എഴുതി ആര്‍.കെ.ശേഖര്‍ ഈണംപകര്‍ന്ന യോഗമുള്ളവള്‍ എന്ന ചിത്രത്തിലെ(1971) രണ്ട് ഗാനങ്ങള്‍ അദ്ദേഹം എസ്.ജാനകിക്കൊപ്പം ആലപിച്ചിരുന്നു.

73 ല്‍ കവിത എന്ന ചിത്രത്തില്‍ പി.ഭാസ്‌ക്കരന്‍-കെ.രാഘവന്‍ ടീമിനോടൊപ്പവും പ്രവര്‍ത്തിച്ചു.

പി.സുശീലയുമൊത്താണ് ഈ ഗാനം പാടിയത്. നാല് വര്‍ഷം കഴിഞ്ഞ് 1977 ലാണ് പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതി കെ.ജെ.ജോയ് ഈണമിട്ട മേലേ മാനത്തിലെ എന്ന ഗാനം പി.ജയചന്ദ്രനോടൊപ്പം ആലപിച്ചു.

79 ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ശുദ്ധികലശം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി എഴുതി ശ്യാം ഈണം നല്‍കിയ ഓര്‍മകളില്‍ എന്ന ഗാനവും എസ് ജാനകിയോടൊപ്പമായിരുന്നു.

അതേ വര്‍ഷം തന്നെയാണ് സൂപ്പര്‍ഹിറ്റായ സ്വര്‍ണ മീനിന്റെ ചേലൊത്ത കണ്ണാളെ എന്ന ഗാനം യേശുദാസ്, പി.സുശീല, വാണീജയറാം എന്നിവര്‍ക്കൊപ്പം പാടിയത്.

ഇതില്‍ എസ്പിയും യേശുദാസും മല്‍സരിച്ചുപാടുകയായിരുന്നു. (ഗാനരചന-ബിച്ചുതിരുമല-സംഗീതം-കെ.ജെ.ജോയ്). യേശുദാസിനേക്കാള്‍ ഈ പാട്ടില്‍ ഒരുപടി മുന്നില്‍ എസ് പിയാണെന്ന് അക്കാലത്ത് സംഗീതനിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

മലയാള സിനിമയില്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഏറ്റവും മികച്ച ഗാനം പിറവിയെടുത്തത് 1981 ലായിരുന്നു.

ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്ത മുന്നേറ്റം എന്ന ചിത്രത്തില്‍ ചിരികൊണ്ട്  പൊതിയും മൗനദുഖങ്ങള്‍ ചിലരുടെ സമ്പാദ്യം—– എന്ന ഗാനം.

തമ്പിയുടെ വരികള്‍ക്ക് ശ്യാമാണ് ഈണം പകര്‍ന്നത്. പിന്നീട് ഇടക്കിടെ അദ്ദേഹം മലയാളത്തില്‍ വന്നുപോയിക്കൊണ്ടിരുന്നു.

സുപ്പര്‍ഹിറ്റായ ശങ്കരാഭരണം, തിരകള്‍ എഴുതിയ കവിത, ഇണപ്രാവുകള്‍, സാഗരസംഗമം, സപ്തപതി, പ്രണവം തുടങ്ങിയ ഡബ്ബിംഗ് സിനിമകളിലെ പാട്ടുകളും മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടവയായിരുന്നു.

നിഴല്‍യുദ്ധത്തിലെ-1981-മധുമൊഴിയോ രാഗമാലികയോ, തുഷാരത്തിലെ- മഞ്ഞേവാ മധുവിധുവേള, ആക്രമണത്തിലെ ലില്ലി ലില്ലി മൈ ഡാര്‍ലിംഗ്(ഈ ഗാനം സഹോദരി എസ്.പി.ശൈലജയോടൊപ്പമാണ് പാടിയത്), ഹിമം-1983-ഗോമേദകം കണ്ണിലേന്തി രാപ്പാടി പാടി, അനശ്വരം-1991-താരാപഥം ചേതോഹരം, കിലുക്കം-1991-ഊട്ടിപ്പട്ടണം(ചിത്ര, എം.ജി.ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം), ഗാന്ധര്‍വ്വം-1993-നെഞ്ചില്‍ കഞ്ചബാണം, ഒരു യാത്രാമൊഴി-1994 കാക്കാല കണ്ണമ്മ- എന്നിവയൊക്കെ മലയാളികള്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന എസ് പിയുടെ ഗാനങ്ങളാണ്.

മലയാളത്തില്‍ 118 പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഈ കടലും മറുകടലും, ചിരികൊണ്ട് പൊതിയും മൗനദുഖങ്ങളും സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളുമൊക്കെത്തന്നെയായിരിക്കും എസ് പിയുടെ മലയാളത്തിലെ ഏറ്റവും വലിയ സംഭാവനകള്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!