സംവിധാനം നടന്‍ മധു; പന്ത്രണ്ട് വ്യത്യസ്ത സിനിമകള്‍

   കരിമ്പം.കെ.പി.രാജീവന്‍

 മധു-മലയാള സിനിമക്ക് മുഖവുര വേണ്ടാത്ത നടന്‍. 1963 ല്‍ എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളിലെ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചലച്ചിത്ര രംഗത്ത് ആരംഭം കുറിച്ച ഈ മഹാപ്രതിഭ 57 വര്‍ഷം തികയുന്ന 2020 ല്‍ തന്റെ 86-ാം വയസിലും അഭിനയ രംഗത്ത് സജീവമാണ്.

തമിഴ്, ഹിന്ദി ഭാഷകളില്‍ ഉള്‍പ്പെടെ 386 സിനിമകളില്‍ വേഷമിട്ട മധു എന്ന മാധവന്‍നായര്‍ കേരളത്തില്‍ സ്വന്തമായി ഫിലിം സ്റ്റുഡിയോ ആരംഭിച്ച ഏക നടന്‍ കൂടിയാണ്.

മെരിലാന്റ്, ഉദയ സ്റ്റുഡിയോകള്‍ മാത്രം ഉണ്ടായിരുന്ന കേരളത്തില്‍ 1976 ലാണ് തിരുവനന്തപുരം പുളിയറക്കോണത്ത് ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ മധുവിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ചത്.

സിനിമകള്‍ സ്റ്റുഡിയോകള്‍ വിട്ട് പുറത്തേക്കിറങ്ങി തുടങ്ങിയതോടെ 1984 ല്‍ ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ മധു ഏഷ്യാനെറ്റ് കമ്യൂണിക്കേഷന് കൈമാറി. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ സമുച്ചയവും ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

സിനിമാ അഭിനയരംഗത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലഘട്ടത്തിലാണ് മധു എന്ന നടന്‍ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്.

സ്ഥിരമായി തനിക്ക് ലഭിച്ചുകൊണ്ടിരുന്ന നിരാശാ കാമുകന്റെ റോളുകളില്‍ മാറി നില്‍ക്കണമെന്ന ചിന്തയോടെയാണ് 1970 ല്‍ പ്രിയ എന്ന ചിത്രം സംവിധാനം ചെയ്തത്.

ഒരു വിമാന യാത്രയില്‍ പരിചയപ്പെട്ട എന്‍.പി.അബു, മാഹി സ്വദേശിയായ എന്‍.പി.അലി എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ജമ്മു ഫിലിസിന്റെ ബാനറിലാണ് ഈ സിനിമ നിര്‍മ്മിച്ചത്.

പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിന് അദ്ദേഹം തന്നെയാണ് തിരക്കഥ, സംഭാഷണം രചിച്ചത്. ഈ സിനിമയിലെ വില്ലന്‍ വേഷമായ ഗോപനെ അവതരിപ്പിച്ചതും മധു തന്നെ. ലില്ലി ചാറ്റര്‍ജിയായിരുന്നു നായിക. ഹാസ്യ വേഷങ്ങളില്‍ തളച്ചിടപ്പെട്ട അടൂര്‍ഭാസിയെ ക്യാരക്ടര്‍ റോളില്‍ അവതരിപ്പിക്കുകയും ചെയ്തു.

1971 ല്‍ ആനയെ കേന്ദ്ര കഥാപാത്രമാക്കി യൂസഫലി കേച്ചേരി നിര്‍മ്മിച്ച സിന്ദൂരച്ചെപ്പ് എന്ന സിനിമയിലൂടെ അന്നത്തെ യുവതലമുറയെ ആകര്‍ഷിക്കുന്ന മനോഹരമായ പ്രണയകഥ പറയാന്‍ മധുവിന് സാധിച്ചു. ഈ സിനിമയില്‍ സംവിധാനത്തിന് പുറമെ നായകനായും അദ്ദേഹം അഭിനയിച്ചു.

1972ല്‍ ജി.ശങ്കരപിള്ളയുടെ പൂജാമുറി എന്ന നാടകം സതി എന്ന പേരില്‍ ചലച്ചിത്രമാക്കി. ഉമാ ആര്‍ട്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ മധു നിര്‍മ്മിച്ച ആദ്യ സിനിമ കൂടിയായിരുന്നു ഇത്.

1974 ല്‍ കൈനിക്കര കുമാരപിള്ളയുടെ മാതൃകാ മനുഷ്യന്‍ എന്ന നാടകം മുഴുനീള ഹാസ്യചിത്രമായി മാന്യശ്രീ വിശ്വാമിത്രന്‍ എന്ന പേരില്‍ സംവിധാനം ചെയ്തു. അതില്‍ മാര്‍ത്താണ്ഡന്‍ തമ്പിയായി അഭിനയിച്ച് അരങ്ങുതകര്‍ക്കുകയും ചെയ്തു.

കെ.പി.എ.സി നിര്‍മ്മിച്ച ആദ്യത്തെ സിനിമ ഒ.എന്‍.വി.കുറുപ്പിന്റെ നീലക്കണ്ണുകള്‍ എന്ന ഖണ്ഡകാവ്യത്തിന്റെ സിനിമ രൂപം സംവിധാനം ചെയ്യാനുള്ള അവസവും ലഭിച്ചത് മധുവിന് തന്നെ. 1974 ല്‍ തന്നെയാണ് നീലക്കണ്ണുകള്‍ റിലീസാസത്. ഈ സിനിമയില്‍ കുഞ്ഞുരാമന്‍ എന്ന നായക വേഷത്തിലും മധു പ്രത്യക്ഷപ്പെട്ടു.

പി.ആര്‍.ചന്ദ്രന്റെ അക്കല്‍ദാമ എന്ന നാടകം 1975 ല്‍ ചലച്ചിത്രമാക്കി. അതേ വര്‍ഷം തന്നെ ചന്ദ്രന്റെ മറ്റൊരു നാടകമായ മിഥ്യ കാമം ക്രോധം മോഹം എന്ന പേരിലും സിനിമയായി. അക്കല്‍ദാമയിലും കാമം ക്രോധം മോഹത്തിലും അല്‍പം വഴിമാറി സഞ്ചരിച്ച ഇദ്ദേഹം സെക്‌സും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചു.

മധു സംവിധാനം ചെയ്ത സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ തീക്കനല്‍ 1976ലാണ് പുറത്തുവന്നത്. തോപ്പില്‍ ഭാസി രചന നിര്‍വ്വഹിച്ച ഈ സിനിമ ചിത്രീകരിച്ച കാലത്താണ് നിര്‍മ്മാതാവായ ജോര്‍ജ് തോമസും ചിത്രത്തിലെ നായിക ശ്രീവിദ്യയും തമ്മില്‍ പ്രണയത്തിലാവുന്നത്.

യേശുദാസാണ് തീക്കനലിന് സംഗീതം ഒരുക്കിയത്. ഈ ചിത്രത്തിലെ വിനോദ് മധുവിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ്.

1977 ല്‍ ചേരി വിശ്വനാഥന്റെ നാടകം ധീരസമീരേ യമുനാതീരേ മധുവിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി.

77 ല്‍ തന്നെ തെലുങ്ക് നോവലിസ്റ്റ് സുലോചനാ റാണിയുടെ നോവല്‍ ആരാധന ജോര്‍ജ് ഓണക്കൂറിന്റെ തിരക്കഥയില്‍ ചലച്ചിത്രമാക്കി.

ഈ സിനിമക്ക് ശേഷം ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം 1986 ലാണ് മധു വീണ്ടും സംവിധാന രംഗത്ത് വന്നത്.


ജി.വിവേകാനന്ദന്റെ പ്രശസ്ത നോവല്‍ ഇല കൊഴിഞ്ഞ മരം ഒരു യുഗസന്ധ്യ എന്ന പേരില്‍ ചലച്ചിത്രമായി.

അതേ വര്‍ഷം തന്നെ പൂര്‍ണമായി അമേരിക്കയില്‍ ചിത്രീകരിച്ച ഉദയം പടിഞ്ഞാറ് എന്ന സിനിമയും സംവിധാനം ചെയ്തു. അടുത്ത സഹപ്രവര്‍ത്തകന്‍ പ്രേംനസീറിനെയാണ് അദ്ദേഹം ഈ ചിത്രത്തില്‍ മുഖ്യവേഷം നല്‍കിയത്.

മധുവിന്റെ സംവിധാനത്തില്‍ പ്രേംനസീര്‍ അഭിനയിച്ച ഏക സിനിമയും ഇതുതന്നെ.

മധു, രതീഷ്, ഭരത്‌ഗോപി, ശ്രീവിദ്യ, ശോഭന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചു.

മധു സംവിധാനം ചെയ്ത 12 സിനിമകളില്‍ സിന്ദുരച്ചെപ്പും ഉദയം പടിഞ്ഞാറും ഒഴികെയുള്ള സിനിമകള്‍ പത്തെണ്ണവും സാഹിത്യ സൃഷ്ടികളില്‍ നിന്നാണ് അദ്ദേഹം രൂപപ്പെടുത്തിയത്. നാടകം, നോവല്‍ ഖണ്ഡകാവ്യം എന്നിവയാണ് ആ സിനിമകള്‍ക്ക് അടിസ്ഥാനമായത്.

സംവിധാനം ചെയ്ത എല്ലാ സിനിമകളിലേയും ഗാനങ്ങള്‍ ഈ പുതിയ കാലത്തുപോലും ഹിറ്റുകളായി നിലനില്‍ക്കുന്നു. 12 സിനിമകളിലും മികച്ച വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാനും മധുവിന് സാധിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!