ഭാരതീയ യുവമോര്‍ച്ച ജില്ലാ ട്രഷററുടെ വീടിന് നേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു, മോറാഴ പണ്ണേരി പ്രദേശത്ത് സംഘര്‍ഷം

തളിപ്പറമ്പ്: ഭാരതീയ യുവമോര്‍ച്ച ജില്ലാ ട്രഷററുടെ വീടിന് നേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു.

മൊറാഴ പണ്ണേരിയിലെ വി.നന്ദകുമാറിന്റെ വാടകവീട്ടിന് നേരെയാണ് ബോംബെറിഞ്ഞത്.

ഇന്നലെ രാത്രി 10.20 നായിരുന്നു സംഭവം നടന്നത്. നന്ദകുമാറും മാതാപിതാക്കളും മാത്രമാണ് ഈ വീട്ടില്‍ താമസം.

സിപിഎം ശക്തികേന്ദ്രമായ പണ്ണേരിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇവര്‍ വാടകയ്ക്ക് താമസം തുടങ്ങിയിട്ട്.

മാരകശേഷിയുള്ള സ്റ്റീല്‍ബോംബാണ് വീട്ടിന് നേര്‍ക്ക് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാറ്റാങ്കീല്‍ യൂണിറ്റ് ഡി വൈ എഫ് ഐ പ്രസിഡന്റ് ആദര്‍ശിനെ ഇന്നലെ രാത്രി എട്ടരയോടെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന്റെ തുടര്‍ച്ചയാണിതെന്ന് പോലീസ് പറഞ്ഞു.

നന്ദകുമാറും മാതാപിതാക്കളും അകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിയത്.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ചില്ലുകളും തകര്‍ന്നു. അകത്തുനിന്നും നോക്കിയപ്പോള്‍ നാലുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി നന്ദകുമാര്‍ പറഞ്ഞു.

പെയിന്റിഗ് തൊഴിലാളിയായ നന്ദകുമാര്‍ ഇവിടെ താമസം തുടങ്ങിയതിന് ശേഷം ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്ത് സജീവമായതാണ് അക്രമത്തിന് കാരണമായതെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.

ഇന്നലെ മുഴുവന്‍ സേവാഭാരതിയുടെ പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നന്ദകുമാറെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 

തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ വി.നന്ദകുമാര്‍ പണ്ണേരിയിലെ വാടക വീട് ഒഴിഞ്ഞുപോകണമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി ആവശ്യപ്പെട്ടതായി നന്ദകുമാര്‍ പറഞ്ഞു.

വീട് വാടകയ്ക്ക് നല്‍കിയ ആളുടെ വീട്ടില്‍ ചെന്നും ഇവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വീട്ടുടമയും നന്ദകുമാറിനോടും കുടുംബത്തോടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

അടുത്ത ദിവസങ്ങളില്‍ അഴീക്കോടും ഇന്നലെ കണ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകന് നേരെ നടന്ന അക്രമവും ഈ ഭാഗത്ത് സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

കണ്ണപുരം പോലീസ് സ്റ്റേഷനിലെ 26 ഓളം പോലീസുകാര്‍ ഒന്നടങ്കം ക്വാറന്റീനില്‍ പോയത് കാരണം ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്‍പ്പെടെയുള്ള പോലീസുകാരാണ് ഈ പ്രദേശത്തുള്ളത്.

പോലീസിന്റെ അടിയന്തിര ശ്രദ്ധ പതിയാത്ത പക്ഷം മൊറാഴ പ്രദേശത്ത് പ്രശ്നങ്ങള്‍ രൂക്ഷമാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!