പരിയാരം: തെരുവുനായ തലയോട്ടി കടിച്ചു പൊട്ടിച്ച വീട്ടമ്മക്ക് ഗുരുതരം. വെള്ളോറ കോയിപ്രയിലെ മുരിക്കാല്‍ ഹൗസില്‍ എം.അശോകന്റെ ഭാര്യ മീനാക്ഷിക്കാണ് ( 62 ) ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച്ച രാവിലെ വീട്ടില്‍ മുറ്റമടിച്ചു കൊണ്ടിരിക്കെയാണ് പിറകില്‍ നിന്നും വന്ന നായ മീനാക്ഷിയുടെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിനിടയില്‍ തറയിലേക്ക് വീണ മീനാക്ഷിയുടെ തലയില്‍ കടിച്ച് മുറിവേല്‍പ്പിച്ച തെരുവ് നായ വീട്ടുകാര്‍ എത്തിയപ്പോഴാണ് ഓടി രക്ഷപ്പെട്ടത്.

അബോധാവസ്ഥയിലായ മീനാക്ഷിയെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.തലയോടിന്റെ ഒരു ഭാഗം അടര്‍ന്ന് തൂങ്ങിയ നിലയിലായതിനാല്‍ ആ ഭാഗം നീക്കം ചെയ്യുകയായിരുന്നു.
തുന്നലിട്ടെങ്കിലും തലയോട്ടിയുടെ ഭാഗം നീക്കം ചെയ്തത് ഉണങ്ങാത്തതിനാല്‍ കടുത്ത വേദനയും ക്ഷീണവും വര്‍ധിച്ച മീനാക്ഷിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കയാണ്.
എന്നാല്‍ കടുത്ത സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്നതിനാല്‍ എങ്ങനെ കോഴിക്കോടേക്ക് കൊണ്ടു പോകണമെന്ന ആലോചനയിലാണ് വീട്ടുകാര്‍.
പഞ്ചായത്ത് അധികൃതരെയും വനംവകുപ്പിനെയും സമീപിച്ചെങ്കിലും സാമ്പത്തിക സഹായം ചെയ്യാനാവില്ലെന്ന നിലപാടാണ് ഇവര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇപ്പോള്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഭാരിച്ച തുക ചെലവായിരിക്കയാണ്. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍.
