കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം നവംബര്‍ 27 ന്

പിലാത്തറ: അഞ്ചാമത് കേസരി സരി നായനാര്‍ പുരസ്‌ക്കാര സമര്‍പ്പണം 27 ന് വൈകുന്നേരം അഞ്ചിന് മാതമംഗലത്തുവെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സാമൂഹ്യ വിമര്‍ശകനും ഭാഷാപണ്ഡിതനുമായ ഡോ. സുനില്‍ പി. ഇളയിടത്തിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നല്കുന്നത്.

നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ പുരസ്‌ക്കാരം വിതരണം ചെയ്യും.

വാസനാ വികൃതിയിലൂടെ മലയാള ചെറുകഥാ സാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയ്ക്ക് കലാസാംസ്‌കാരിക സംഘടന ഫെയ്‌സ് മാതമംഗലം 2011 മുതലാണ് കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

കേരളത്തിലെ ആശയമണ്ഡലങ്ങളില്‍ ധൈഷണികവും പുരോഗമനപരവുമായ ഇടപെടലുകള്‍ നടത്തുന്ന ശക്തനായ സാമൂഹ്യ വിമര്‍ശകന്‍ എന്ന നിലയിലാണ് സുനില്‍ പി. ഇളയിടത്തിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

കേരള സാഹിത്യഅക്കാദമി സെക്രട്ടറി പ്രഫ: കെ.പി. മോഹനന്‍, വി.കെ ശ്രീരാമന്‍, നിരൂപകനായ ഇ.പി. രാജഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

25,000 രൂപ ക്യാഷ് അവാര്‍ഡും ശില്പി കെ.കെ.ആര്‍.വെങ്ങര രൂപകല്പന ചെയ്തത് ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.

നവം: 27 ന് വൈകുന്നേരം 5 മണിക്ക് മാതമംഗലത്തുവെച്ച് നടക്കുന്ന പുരസ്‌ക്കാര സമര്‍പ്പണചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.സത്യപാലന്‍ അധ്യക്ഷത വഹിക്കും. 

ജൂറി അംഗവും നിരൂപകനുമായ ഇ.പി.രാജഗോപാലന്‍ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തും. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ. സത്യഭാമ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.വി. ഗോവിന്ദന്‍, കെ.പത്മനാഭന്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി. വി.ബാലന്‍, കേസരി നായനാര്‍ കുടുംബാംഗം കെ.ടി. പ്രഹ്‌ളാദന്‍, വേങ്ങയില്‍ തറവാട്ടംഗം വേങ്ങയില്‍ ഇന്ദിര, പുരസ്‌കാര സമിതി അംഗം എം.വി. പുരുഷോത്തമന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. 

പുരസ്‌കാരസമര്‍പ്പണത്തിനുശേഷം കൈതപ്രം രചന നിര്‍വ്വഹിച്ച സ്മതിമധുര ങ്ങളായ ചലച്ചിത്രഗാനങ്ങള്‍ക്ക് നൃത്തഭാഷ്യം നല്കിക്കൊണ്ട് കൈതപ്രം തപസ്യസ്‌കൂള്‍ ഓഫ് ഡാന്‍സിലെ ഇരുപതിലധികം കലാകാരികള്‍ അരങ്ങിലെത്തും. 

പത്രസമ്മേളനത്തില്‍ എം.വി. പുരുഷോത്തമന്‍, കെ.വി.സുനുകുമാര്‍, രവി മൊട്ടമ്മല്‍, എ.പി.മുരളീധരന്‍, സി.കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!