സീനിയര്‍ സി പി ഒ സുരേഷ് കക്കറക്ക് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തളിപ്പറമ്പ്: സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറക്ക് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.

മോഷ്ടാക്കളേയും തട്ടിപ്പുകാരേയും നിയമത്തിന്റെ മുന്നിലെത്തിച്ച് ശ്രദ്ധേയനായ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡ് അംഗമായ സുരേഷിന് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി വിവിധ കേസുകളില്‍ പ്രതികളെ പിടികൂടുന്നതില്‍ കാണിച്ച മികവിനാണ് അവാര്‍ഡ്.

ഡി വൈ എസ് പി സ്‌ക്വാഡിന്റെ പ്രവര്‍ത്തനമികവില്‍ ഈ കാലയളവില്‍ കുടുങ്ങിയത് നൂറിലേറെ കുറ്റവാളികളാണ്. മുന്‍ തളിപ്പറമ്പ് ഡി വൈ എസ് പി കെ.വി.വേണുഗോപാല്‍, ഇപ്പോഴത്തെ ഡി വൈ എസ് പി ടി.കെ.രത്‌നകുമാര്‍ എന്നിവരുടെ കണ്ണും കാതുമായി പ്രവര്‍ത്തിച്ച സ്പെഷ്യല്‍ സ്‌ക്വാഡ് ഏറ്റെടുത്ത കേസുകളിലെല്ലാം കുറ്റവാളികള്‍ അകത്തായ ചരിത്രം മാത്രമേയുള്ളൂ.

പറശിനിക്കടവ് സ്ത്രീപീഡനകേസ്, വ്യാജ ദിനേശ്ബീഡി വിപണനം നടത്തിയ വന്‍ സംഘത്തെ കുടുക്കി വ്യാജ ബീഡിയുടെ വേരറുത്തത് ഉള്‍പ്പെടെ നിരവധി കേസുകളാണ് തെളിയിക്കപ്പെട്ടത്.

വ്യാജ ദിനേശ് ബീഡി സംഘത്തെ പിടികൂടിയതിന് സംസ്ഥാന സര്‍ക്കാര്‍ ഉപഹാരം നല്‍കി ആദരിച്ചിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളം ദേശീയപാതയിലും സംസ്ഥാനപാതയിലമായി പ്രവര്‍ത്തിക്കുന്ന ഇരുമ്പ് കമ്പി വില്‍പ്പനശാലകളില്‍ സൂക്ഷിച്ച കമ്പികള്‍ ലോറികളില്‍ കടത്തി മറിച്ചുവില്‍ക്കുന്ന മൂന്നംഗസംഘത്തെ അതീവസമര്‍ത്ഥമായി കുടുക്കിയതിനും മുഖ്യസൂത്രധാരന്‍ കോട്ടയം രാമപുരം സ്വദേശി ജോമോന്‍ ജോസഫിനെ തൊടുപുഴ ബസ്റ്റാന്റില്‍ വെച്ച് മല്‍പ്പിടുത്തത്തിലൂടെ അതീവ സാഹസികമായാണ് കീഴ്പ്പെടുത്തിയതും ക്രൈം സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു.

ഡിവൈഎസ്പിക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ലോട്ടറിമാഫിയകളും, കള്ളത്തോക്ക് കച്ചവടക്കാരും, സാമ്പത്തിക തട്ടിപ്പുകാരും ഉള്‍പ്പെടെയുള്ളവരാണ് അകത്തായത്.

പെരിങ്ങോം മാടക്കാംപൊയിലില്‍ വന്‍തോതില്‍ സൂക്ഷിച്ച സ്ഫോടകവസ്തുശേഖരം കണ്ടെടുത്തതും ജില്ലയില്‍ ലോട്ടറിവ്യാപാര രംഗത്ത് സമാന്തര വ്യാപാരം നടത്തിയ സംഘത്തെ വലയിലാക്കിയതും എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

തളിപ്പറമ്പിലെ സിഗ്ടെക് എന്ന സാമ്പത്തിക സ്ഥാപനം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരം കോടിയിലേറെ രൂപ തട്ടിപ്പുനടത്തി നിക്ഷേപകരെ വഞ്ചിച്ചപ്പോഴും കുറ്റവാളികളെ കുടുക്കിയത് ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡ് തന്നെയായിരുന്നു.

നിരവധി വാറണ്ട് കേസിലെ പ്രതികളേയും ഈ സംഘം നിയമത്തിന് മുന്നിലെത്തിച്ചു.

പഴയങ്ങാടിയില്‍ നടന്ന പട്ടാപ്പകല്‍ കവര്‍ച്ചയിലും കുറ്റവാളികളെതേടി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ കണ്ണൂകളും കാതുകളുമായി മാറി പ്രതികളെ വലയിലാക്കുന്നത് വരെ അന്വേഷണത്തില്‍ സജീവമായി ഇടപെട്ടതും സുരേഷ് ഉള്‍പ്പെട്ട സ്പെഷ്യല്‍ സ്‌ക്വാഡ് തന്നെ.

കക്കറ സ്വദേശിയായ സുരേഷ് കെ.പി.ഗോപാലന്‍-ഭാനുമതി ദമ്പതികളുടെ മകനാണ്.

ഭാര്യ-സ്വപ്‌ന. മക്കള്‍-ദേവാംഗന, ഉത്തര. നവംബര്‍ ഒന്നിന് തിരുവനന്തപുരത്തുവെച്ചാണ് മെഡല്‍ സമ്മാനിക്കുക.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!