തളിപ്പറമ്പ് റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജൈവ പച്ചക്കറി കൃഷി നാളെ ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്ന തളിപ്പറമ്പ് റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ജൈവ പച്ചക്കറി ഉല്‍പാദന വിപണന രംഗത്തേക്കു കടക്കുന്നു.

മൂന്നു വര്‍ഷം കൊണ്ട് തന്നെ തളിപ്പറമ്പിന്റെ ബാങ്കിങ്ങ് മേഖലയില്‍ ചുവടുറപ്പിച്ച സൊസൈറ്റി ഈ ചുരുങ്ങിയ കാലയളവിനുളളില്‍ ലാഭം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി വിവിധ ജനോപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കിയത്.

സൊസൈറ്റിയുടെ കീഴില്‍ ആരംഭിച്ച നീതി മെഡിക്കല്‍ ലാബ് സാധാരണക്കാര്‍ക്ക് ലാബ് പരിശോധനകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

കൂടാതെ സൊസൈറ്റിയില്‍ വ്യക്തിഗത വായ്പ, സ്വര്‍ണ്ണ പണയ വായ്പ്പ, സ്വത്ത് ലോണ്‍ എന്നിവ വളരെ ഉദാരമായി നല്‍കി വരുന്നുണ്ട്. മൂന്നു വര്‍ഷം കൊണ്ട് ഇത്രയും വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി സൊസൈറ്റി അഭിമാനകരമായ മുന്നേറ്റമാണ് ബാങ്കിങ്-ഇതര മേഖലകളില്‍ നേടിയത്.

കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജൈവപച്ചക്കറി കൃഷി പ്രോത്സാഹനം നേരത്തേ തന്നെ സൊസൈറ്റി ലക്ഷ്യമിട്ടിരുന്നു.

ഇപ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കു പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയുമാണ് ജൈവ പച്ചക്കറി ഉല്‍പാദന വിപണന രംഗത്തേക്കു കടക്കുന്നത്.

കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍, പുളിമ്പറമ്പ് എന്നിവിടങ്ങളില്‍ നാല് ഏക്കറില്‍ മരച്ചീനി, വെണ്ട, കുമ്പളം, മത്തന്‍, ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. സൊസൈറ്റി ഡയറക്ടര്‍മാര്‍ ചുതലയേറ്റെടുത്താണ് കൃഷി നടപ്പിലാക്കുക.

വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട് തികച്ചും ജൈവരീതിയാണ് കൃഷിക്ക് അവലംഭിക്കുക. സൊസൈറ്റി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൃഷി നടത്തുന്ന പാടശേഖരസമിതികള്‍,

കുടുംബശ്രീകള്‍, സ്വാശ്രയസംഘങ്ങള്‍, മറ്റ് കൂട്ടായ്മകളുടെയും ഉല്‍പ്പന്നങ്ങളും സംഭരിച്ച് തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിപണനം നടത്തും.

25ന് രാവിലെ 10ന് കീഴാറ്റൂരില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും സൊസൈറ്റി പ്രസിഡന്റ് കോമത്ത് മുരളീധരന്‍, വൈസ് പ്രസിഡന്റ് വി. വിജയന്‍, ടി, ബാലകൃഷ്ണന്‍, സെക്രട്ടറി ടി.വി പ്രദീപന്‍ എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!