പ്രസിഡന്റിന്റെ അമ്മക്ക് അനധികൃത പലിശയിളവ്-തുക തിരിച്ചുപിടിക്കാന്‍ സെക്രട്ടെറിക്ക് അസി.രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കി. സംഭവം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍-

തളിപ്പറമ്പ്: ബാങ്ക് പ്രസിഡന്റ് മുന്‍കൈയെടുത്ത് അമ്മക്ക് നല്‍കിയ ലോണില്‍ പലിശയിലും പിഴപ്പലിശയിലും അനധികൃതമായി ഇളവ് നല്‍കിയെന്ന പരാതിയില്‍ തുക തിരിച്ചുപിടിക്കാന്‍ തളിപ്പറമ്പ് അസി.രജിസ്ട്രാര്‍ ബാങ്ക് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭനും സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.വി.പുഷ്പകുമാരിക്കുമെതിരെ അഡ്വ.എം.വിനോദ് രാഘവന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

കല്ലിങ്കീല്‍ പത്മനാഭന്റെ അമ്മ ഒ.വി.നാരായണി 18.8.2006 ന് അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ വാങ്ങിയ 5 ലക്ഷം രൂപ തിരിച്ചടക്കാതിരിക്കുകയും 26.4.2014 ന് അനധികൃതമായി പലിശയില്‍ 5397 രൂപയും പിഴപലിശ ഇനത്തില്‍ 47,731 രൂപയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇളവനുവദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ തുക അടക്കാതെ അന്നേ ദിവസം തന്നെ 8 ലക്ഷം രൂപയുടെ ലോണ്‍ അനുവദിച്ച് പുതുക്കി നല്‍കി.

ഇത് സഹകരണ നിയമങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ സര്‍ക്കുലറിനും എതിരാണെന്നായിരുന്നു വിനോദ് രാഘവന്റെ പരാതി.

തുടര്‍ന്ന് 2014 ന് നല്‍കിയ 8 ലക്ഷം അടക്കാതെ 21-02.2015 ന് ഈ ലോണ്‍ 25 ലക്ഷം രൂപയായി പുതുക്കി നല്‍കി.

ലോണ്‍ കാലാവധി 2021 ആയിരിക്കെ 22.05.2018 ന് പലിശയിനത്തില്‍ സ്വാധീനമുപയോഗിച്ച് ഇളവ് ചെയ്ത് കൊടുക്കുകയുമായിരുന്നു.

2014ലും 2018 ലും പലിശയിനത്തില്‍ അമ്മയ്ക്ക് ഇളവു നല്‍കിയും പ്രസിഡന്റും സെക്രട്ടെറിയും വീണ്ടും ലോണുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും 50 ലക്ഷം രൂപ 10-5-18 ന് അനുവദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

പരാതി പ്രകാരം അന്വേഷണം നടത്തിയ അസി.രജിസ്ട്രാര്‍ പരാതി ശരിവെച്ചാണ് ഇളവ് നല്‍കിയ 1,39,815 രൂപ നാരായണിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ഈ മാസം 12 ന് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!