ആദായ നികുതി ബജറ്റ് നിര്‍ദേശം : പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്ന് കെ. വരദരാജന്‍ 

തിരുവനന്തപുരം: പ്രവാസികള്‍ അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആദായ നികുതി നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കണമെന്ന ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍.

രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്ന പ്രവാസികളെ പിഴിയുന്ന തീരുമാനമാണിത്. ഒരു രാജ്യത്ത് സംരംഭം തുടങ്ങുമ്പോള്‍ അവിടെ ആദായ നികുതി നല്‍കണോ വേണ്ടയോ എന്നത് ആ രാജ്യത്തിന്റെ നിയമമാണ് നിശ്ചയിക്കുന്നത്.

മറ്റ് രാജ്യത്തെ വ്യവസായത്തിന് അവിടെ നികുതി നല്‍കേണ്ടെങ്കില്‍ ഇവിടെ നികുതി നല്‍കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

പ്രവാസികളോടുള്ള വെല്ലുവിളിയാണിത്. ഈ തീരുമാനത്തില്‍ പ്രവാസികള്‍ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ലോക കേരളസഭ ഈ വിഷയം ചര്‍ച്ച ചെയ്യും.

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് മതിയായ പുനരധിവാസ പാക്കേജ് ഒരുക്കണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നതാണ്. പ്രവാസികള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനത്തിലൂടെ ഇരട്ടചൂഷണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!