തളിപ്പറമ്പ് പ്രവാസി ക്ഷേമനിധി തട്ടിപ്പ് സമഗ്ര അന്വേഷണം വേണം : മുസ്‌ലിം യൂത്ത് ലീഗ്

തളിപ്പറമ്പ് : സി.പി.എം നിയന്ത്രണത്തിലുള്ള കേരള പ്രവാസി സംഘം തളിപ്പറമ്പില്‍ നടത്തിയ ക്ഷേമനിധി തട്ടിപ്പിനെതിരെ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള പ്രവാസി സംഘം തളിപ്പറമ്പ്  ഏരിയാ കമ്മിറ്റി ഓഫിസില്‍ രണ്ട് വര്‍ഷത്തോളമായി പണമടക്കുന്ന നൂറ്കണക്കിന് പ്രവാസികളെയും കുടുംബങ്ങളെയുമാണ് കേരള പ്രവാസി സംഘം എന്ന ഭരണപക്ഷ സംഘടന വഞ്ചിച്ചിരിക്കുന്നത്.

ലക്ഷകണക്കിന് രൂപയാണ് ക്ഷേമിനിധിയിലേക്ക് കൈമാറാതെ സി.പി.എം നേതാവ് കൂടിയായ പ്രവാസി സംഘം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിച്ചുമാറ്റിയത്.

ഇതിനിടെ ജീവനക്കാരിയായ യുവതി തന്നെ ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചുവെന്നും താന്‍ സംഘത്തിലെ ജീവനക്കാരിയല്ലെന്നും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

ഏരിയാ സെക്രട്ടറി എന്‍.കൃഷ്ണനെ സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്തുവെന്നും കൃഷ്ണനും ജീവനക്കാരിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചിലര്‍ പത്രസമ്മേളനം നടത്തിയതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല.

തട്ടിപ്പിനിരയായ നൂറ്കണക്കിന് ആളുകളുടെ പരാതികളുണ്ടായിട്ടും പൊലിസ് ഇതുവരെ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ഭരണതലത്തില്‍ ഉന്നത ഇടപെടലുകളുടെ ഫലമാണ്.

ഭരണ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാന്‍ സാധ്യതയുള്ള ഈ തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പിന്റെ മുഴുവന്‍ വിവരങ്ങളും പുറത്ത് കൊണ്ടു വരണം.

പണമടച്ച് വഞ്ചിതരാവയവര്‍ക്ക് എത്രയും വേഗം അവരുടെ പണം തിരികെ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ഇക്കാര്യത്തില്‍ പൊലിസ് അനാസ്ഥ മാറിയില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയോഗം അറിയിച്ചു.

പ്രസിഡന്റ് പി.സി.നസീര്‍ അധ്യക്ഷത വഹിച്ചു. അലി മംഗര, ഓലിയന്‍ ജാഫര്‍ , നൗഷാദ് പുത്തുക്കണ്ടം, പി.വി.മുഹമ്മദ് റാഫി, എം.കെ.ഹഫീല്‍, കെ.വി.കെ.അയ്യൂബ്, ഒ.എം.ഉസ്മാന്‍, നിസാര്‍ കമ്പില്‍ എന്‍.യു.ശഫീഖ്, സയ്യീദ് പന്നിയൂര്‍, ലുബാബ്, സി.മുഹമ്മദ് അശ്‌റഫ്, പി.കെ.ശംസുദ്ദീന്‍, സംസാരിച്ചു.

You can like this post!

You may also like!