വീടും സ്ഥലവും ആവശ്യപ്പെട്ട് പീഡിപ്പിച്ച മകളും ഭര്‍ത്താവും വീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ഉത്തരവ്

തളിപ്പറമ്പ്: വയോധികരായ മാതാപിതാക്കളെ വീടും സ്ഥലവും തങ്ങള്‍ക്ക് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി പീഡിപ്പിച്ച മകളും ഭര്‍ത്താവും വീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് തളിപ്പറമ്പ് സബ്കളക്ടര്‍ എസ്.ഇലക്യ ഉത്തരവിട്ടു.

തൃച്ചംബരം സെന്റ് പോള്‍സ് പള്ളിക്ക് സമീപത്തെ ഹെന്റി തോമസിന്റെ പരാതിയിലാണ് ഉത്തരവ്. ഇദ്ദേഹത്തിന്റെ പേരിലുള്ള വീടും സ്ഥലവും തങ്ങള്‍ക്ക് എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിഡ് റാഫേലും നിരന്തരമായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായാണ് ഹെന്റിയുടെയും ഭാര്യ മോളിയുടെയും പരാതി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പ്രശ്‌നത്തിലാണ് സബ്കളക്ടര്‍ അധ്യക്ഷയായ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ഉത്തരവ്. പീഡനത്തിനെതിരെ ദമ്പതികള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യാഗ്രഹം നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിഡും ഹെന്റി തോമസിന്റെയും ഭാര്യയുടെയും സ്വൈര്യ ജീവിതത്തിന് തടസമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഒരുമാസത്തിനകം മാറിത്താമസിക്കണമെന്നാണ് ഉത്തരവ്.

2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരമാണ് ഉത്തരവ്. പരാതിക്കാരെയും എതിര്‍കക്ഷികളേയും വിളിച്ചുവരുത്തി പരാതികള്‍ കേള്‍ക്കുകയും ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!