തളിപ്പറമ്പ്: കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തളിപ്പറമ്പ് ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന പാതയില്‍ റോഡ് വീതി കൂട്ടി ഉയര്‍ത്തി ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ചിറവക്ക് കപ്പാലം റോഡ് അടച്ച് ഗതാഗതം വഴി തിരിച്ചുവിടുന്നത്.
ഇന്നലെ മുതലാണ് തളിപ്പറമ്പ് ചിറവക്ക് കപ്പാലം റോഡ് അടച്ചിട്ടത്. ഒരു മാസക്കാലത്തേക്കാണ് ഇവിടെ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയത്.

തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ നിന്നും ആലക്കോട്, കുടിയാന്മല, ശ്രീകണ്ഠാപുരം, ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മെയിന്‍ റോഡ് വഴി കപ്പാലത്തേക്ക് പോകും.
ആലക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മന്നയില്‍ നിന്നും ചിന്മയ വിദ്യാലയം റോഡ് വഴി ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് മുന്നിലൂടെ തൃച്ചംബരം കിഴക്കേ നടവഴി ദേശീയ പാതയിലെത്തും.
ശ്രീകണ്ഠാപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് വഴി തൃച്ചംബരം കിഴക്കേ നടയിലൂടെ ദേശീയ പാതയിലെത്തും. രാവിലെ മുതല്‍ പൊടുന്നനെ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയതോടെ യാത്രക്കാരും വാഹനങ്ങളും വലഞ്ഞു.
സ്കൂളുകള്‍ തുറക്കുന്നതോടെ നാളെ മുതല്‍ നഗരത്തില്‍ ഗതാഗത ക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് റോഡ് വഴി ബസ്സുകള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതോടെ കുരുക്ക് കൂടുതല്‍ രൂക്ഷമായി.
ട്രാഫിക് നിയന്ത്രണത്തിനായി നഗരത്തില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്ന് ഡിവൈഎസ്പി ടി.കെ.രത്നകുമാര്‍ പറഞ്ഞു. ട്രാഫിക് എസ് ഐമാരായ കെ.വി.മുരളി, എം.രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മെയിന്‍ റോഡിലെ കയ്യേറ്റങ്ങള്‍ പരമാവധി ഒഴിപ്പിച്ച് വാഹനങ്ങള്‍ കടന്നു പോകാന്‍ സൗകര്യമൊരുക്കിയിരുന്നു.
