കൊച്ചി : സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന അന്‍വര്‍ റഷീദ് സിനിമ ട്രാന്‍സ് ഡിസംബര്‍ 20ന് റിലീസ് ചെയ്യും. അന്‍വര്‍ റഷീദ് എന്ന പ്രതിഭാശാലിയായ സംവിധായകന് ഏഴുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുളള ട്രാന്‍സ് ബാംഗ്ലൂര്‍ ഡെയ്സിനുശേഷം ഫഹദ് ഫാസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ കൂടിയാണ്.
ഫഹദിന്റെ ഏറ്റവും ചെലവേറിയ ചിത്രം. ട്രാന്‍സ് എന്ന പേരൊഴികെ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട എല്ലാവിവരവും അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സംവിധായകനും കൂട്ടരും.

സിനിമാ സെറ്റിലുള്ള ചിത്രംപോലും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഓണ്‍ലൈനായി സാമൂഹ്യമാധ്യമങ്ങള്‍വഴി സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നു. വിഎഫ്എക്സ് ജോലികള്‍ ബാക്കിയുള്ളതിനാണ് സിനിമ ക്രിസ്മസ് റിലീസിനായി മാറ്റിയത്. 20 കോടിയോളം മുതല്‍മുടക്കിൽ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിക്കുന്നത്.
റസൂല്‍പൂക്കുട്ടി ശബ്ദവിന്യാസം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍നീരദാണ്. തെന്നിന്ത്യന്‍ സംവിധായകന് ഗൗതം മേനോന്, ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന്, വിനായകന്, ബൈജു, സൗബിന് ഷാഹിര്‍, ആഷിക് അബു, ദിലീഷ് പോത്തന്, ധര്മജന്, അശ്വതി മേനോന് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ഫഹദ് ഫാസിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ട്രാന്‍സിലേത്. കന്യാകുമാരി തീരമേഖലയിലെ ക്രൈസ്തവ പാതിരിയുടെ വേഷമാണ് ഫഹദിനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിന്‍സെന്റ് വടക്കന്‍ ആണ് തിരക്കഥ.
