ഒടുവില്‍ സര്‍ക്കാര്‍കനിഞ്ഞു, ആദിവാസി യുവതി അനുവിനും കുഞ്ഞിനും ക്വാറന്റീനില്‍ കഴിയാന്‍ ഇടം കിട്ടി.

പരിയാരം: ഒടുവില്‍ അനുവിന് ക്വാറന്റീനില്‍ കഴിയാന്‍ സ്ഥലം ലഭിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ പ്രസവിച്ച അയ്യന്‍കുന്ന് എടപ്പുഴ ആദിവാസി ഊരിലെ അനു എന്ന 21 കാരിക്കും നവജാത ശിശുവിനും ഇരിട്ടി പ്രീമെട്രിക് ട്രൈബര്‍ ഹോസ്റ്റലിലാണ് ക്വാറന്റീന്‍ കാലം കഴിച്ചുകൂട്ടാനായി ഇരിട്ടി തഹസില്‍ദാര്‍ സ്ഥലം ഒരുക്കിയത്.

മെയ് 10 ന് പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ കോവിഡ് ലക്ഷണങ്ങളോടെ 20 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ശ്രവപരിശോധനയില്‍ കോവിഡ് ബാധിതയാണെന്ന് 21 ന് വൈകുന്നേരം തന്നെ വ്യക്തമായിരുന്നു.

22 ന് രാത്രി യുവതിക്ക് രക്തസമ്മര്‍ദ്ദം കൂടിയതോടെ പുലര്‍ച്ചെ 2.10 ന് ഡോ.എസ്.അജിത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ട് സിസേറിയന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

2.45 കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിനെ പ്രത്യേകം സംരക്ഷിക്കാനും തീരുമാനിച്ചു. കോവിഡ് പോസിറ്റീവായിരിക്കെ കേരളത്തില്‍ നടന്ന ആദ്യത്തെ സിസേറിയന്‍ ശസ്ത്രക്രിയയായിരുന്നു ഇത്.

പിന്നീട് നടത്തിയ ശ്രവപരിശോധനയില്‍ യുവതി കോവിഡ് മുക്തയാവുകയും ചെയ്തു. കുഞ്ഞിനെ അമ്മയില്‍ നിന്നും മാറ്റി മുലപ്പാലിനു പകരം ഫോര്‍മുല മരുന്നുകള്‍ നല്‍കിയാണ് പരിചരിച്ചത്.

മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ സ്രവ പരിശോധന നടത്തിയത്. കുട്ടിക്ക് കോവിഡ് രോഗബാധ ഉണ്ടായിരുന്നില്ല.

സംശയനിവാരണത്തിനായി വീണ്ടും പരിശോധിച്ചപ്പോഴും നെഗറ്റീവ് തന്നെ ഫലം. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം അനുവിന്റെ മൂന്നാമത്തെ കോവിഡ് പരിശോധനയുടെ ഫലവും നെഗറ്റീവ് ആയതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് 28 ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ 28 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടതിനാല്‍ എടപ്പുഴയിലെ ഒറ്റമുറി മാത്രമുള്ള ചെറ്റക്കുടിലിലേക്ക് പോകാനാവാതെ വന്നതോടെ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരിട്ടി തഹസില്‍ദാര്‍ മുന്‍കൈയെടുത്താണ് അനുവിനും കുഞ്ഞിനും കഴിയാനായി ഇരിട്ടി ടൗണിലെ പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റലില്‍ സൗകര്യം ഒരുക്കിയത്.

ഡിസ്ചാര്‍ജ് ചെയ്തിട്ടും മൂന്ന് ദിവസം അനിശ്ചിതത്വത്തിന്റെ നിഴലില്‍ കഴിയേണ്ടി വന്ന ഈ അമ്മയും കുഞ്ഞും ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് മെഡിക്കല്‍ കോളേജ് ആംബുലന്‍സില്‍ ഇരിട്ടിയിലേക്ക് പോയത്.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.രാജീവ്, സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവര്‍ ചേര്‍ന്ന് ബോഗയില്‍വില്ല പുഷ്പങ്ങള്‍ നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. യുവതിയുടെ ഭര്‍ത്താവ്, അമ്മ എന്നിവരും കൂടെയുണ്ടായിരുന്നു. 

ഡെപ്യൂട്ടി മെഡിക്കല്‍ സുപ്രണ്ട് ഡോ.ഡി.കെ.മനോജ്, കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.വിമല്‍ റോഹന്‍, ഡോ.അരുണ്‍ ശ്രീപരമേശ്വരന്‍, ഡോ.ഗണേഷ് മല്ലര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ എന്നിവരും പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!