തളിപ്പറമ്പ്: പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിന് നാളെ
തുടക്കമാവുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം കുതിരവട്ടം മോഡല്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇത്തവണ ഉല്‍സവം നടക്കുന്നതെന്ന് ടി ടി കെ ദേവസ്വം അധികൃതര്‍ അറിയിച്ചു.

വിചിത്രമായ രീതിയിലാണ് ഇത്തവണ ഉല്‍സവ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.
ഉച്ചക്ക് ഒന്നിന് കൊടിയേറ്റ ചടങ്ങില്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മ്മികള്‍, വാദ്യം ഉള്‍പ്പെടെ 40 പേരാണ് പങ്കെടുക്കുക. പൂലര്‍ച്ചെ ഒന്നോടെ മഴൂര്‍ ധര്‍മ്മികുളങ്ങര ക്ഷേത്രത്തില്‍ നിന്നുള്ള തൃച്ചംബരത്തേക്കുള്ള എഴുന്നള്ളിപ്പില്‍ 25 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി.
രാത്രി എഴുന്നള്ളിപ്പിന് പുലര്‍ച്ചെ രണ്ടിന് പൂക്കോത്ത് നടയിലേക്ക് 64 പേര്‍ക്കാണ് അനുമതി.
മാര്‍ച്ച് 11 ന് ശിവരാത്രി ഉല്‍സവം കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിന് 25 പേരും 16,17 തീയതികളില്‍ രാവിലെ 10 ന് നടക്കുന്ന വിളക്കിലെഴുന്നള്ളത്തില് 35 പേര്‍ക്കുമാണ് അനുമതി.
18 ലെ നാടുവലംവെക്കലിന് പാലകുളങ്ങര ക്ഷേത്രത്തിലേക്ക് പോകാന്‍ 45 പേര്‍ക്കും
19 ന് നടക്കുന്ന ക്ഷേത്രച്ചിറയിലെ ആറാട്ടിന് 35 പേര്‍ക്കുമാണ് അനുമതി.
മാര്‍ച്ച് 20 ലെ കൂടിപ്പിരിയലിന് രാത്രി ഏഴ് മണിക്ക് മഴൂരിലേക്കുള്ള തിരിച്ചെഴുന്നള്ളിപ്പിന് 25 പേര് മാത്രം പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.
കോവിഡ് ആരംഭത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉല്‍സവവും പകുതിക്ക് വെച്ച് ആചാരങ്ങള്‍ മാത്രമായി ചുരുക്കുകയായിരുന്നു.
