തളിപ്പറമ്പില്‍ ഇരുന്നൂറിലേറെ ലൈസന്‍സില്ലാത്ത ബേക്കറികള്‍-എല്ലാം വൃത്തിഹീനം

തളിപ്പറമ്പ്: ആര്‍ക്കുവേണ്ടിയാണ് ഈ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യവിഭാഗവും—എന്ന് ചോദിക്കാന്‍ തോന്നുന്നവിധത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബേക്കറികള്‍ തളിപ്പറമ്പിന്റെ ശാപമായി മാറുന്നു.

തളിപ്പറമ്പ് അള്ളാംകുളത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് ബേക്കറി യൂണിറ്റുകളുടെ ചിത്രമാണ് ഇതോടൊപ്പം.

ഇത്തരത്തില്‍ ഇരുന്നൂറിലേറെ ഇതര സംസ്ഥാന ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ തളിപ്പറമ്പ് നഗരസഭയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതില്‍ ഒന്നിനുപോലും നഗരസഭയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സുകളില്ല.

തികച്ചും വൃത്തിഹീനമായ ചുറ്റുപാടില്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ നഗരസഭയുടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ ഒരു വിധത്തിലുള്ള ലൈസന്‍സുകളും ഇല്ലാതെയാണ് പഴയ വീടുകള്‍ വാടകയ്ക്കെടുത്ത് നടത്തപ്പെടുന്നത്.

വൃത്തിഹീനമായ ചുറ്റുപാടുകള്‍ ആയതിനാല്‍ ആളുകള്‍ താമസിക്കാന്‍ മടിക്കുന്ന ഉപേക്ഷിക്കപ്പെട്ട വീടുകളും കെട്ടിടങ്ങളും ലൈന്‍മുറികളും വാടകയ്ക്കെടുത്താണ് ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

നഗരസഭാ ആരോഗ്യവിഭാഗമോ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോ ഒരു വിധത്തിലുള്ള പരിശോധനകളും നടത്താത്ത ഇവിടങ്ങളില്‍ നിര്‍മ്മിക്കുന്ന പല സാധനങ്ങളും സ്ത്രീകളാണ് വീടുകളില്‍ എത്തിച്ച് വില്‍പന നടത്തുന്നതെ്.

ഉപയോഗിച്ച് പഴകിയ ഭക്ഷ്യഎണ്ണകള്‍ ആവശ്യമായ തോതില്‍ ചെറിയ വിലക്ക് ഇവര്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.

രാത്രിയുടെ മറവിലാണ് പലപ്പോഴും ഇവിടെയുള്ള ആവശ്യങ്ങള്‍ക്കായി എണ്ണ എത്തിച്ചു നല്‍കുന്നത്.

രോഗഹേതുവായി മാറുന്ന നിരവധി നിരോധിത വസ്തുക്കളും ഇവര്‍ ഭക്ഷ്യവിഭവങ്ങളില്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.

ലൈസന്‍സ് എടുക്കാതെ ഇത്രയേറെ ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് സംശയാസ്പദമാണെന്നും, ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ബേക്കറി ഉല്‍പ്പാദന യൂണിറ്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍-മാന്‍-ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതികള്‍ നല്‍കി.

ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും മാന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

ബന്ധപ്പെട്ട പല അധികൃതരുടെയും കണ്ണുകള്‍ക്ക് താഴെ തന്നെയാണ് രോഗം പരത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍പ്രവര്‍ത്തിക്കുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!